പഠിച്ചും കളിച്ചും വളരേണ്ട പ്രായത്തില്‍ വധുവാകാനോ വിധി ! പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 ആയി കുറയ്ക്കാന്‍ ഇറാഖ്, വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: പഠിച്ചും കളിച്ചും വളരേണ്ട പ്രായത്തില്‍ പെണ്‍കുട്ടികളെ വധുവാകാന്‍ നിര്‍ബന്ധിച്ച് ഇറാഖ്‌. ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 9 ആയി കുറയ്ക്കാനാണ് പുതിയ നീക്കം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇറാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ വ്യാപക പ്രതിഷേധത്തിനും ആശങ്കയ്ക്കും ഇടയാക്കി.

ബില്‍ പാസായാല്‍, 9 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും 15 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും വിവാഹിതരാകാന്‍ അനുമതി നല്‍കും. ഇത് ശൈശവ വിവാഹവും ചൂഷണവും വര്‍ദ്ധിക്കുമെന്ന ഭയത്തിലാണ് ജനം. മാത്രമല്ല, ഈ പിന്തിരിപ്പന്‍ നീക്കം സ്ത്രീകളുടെ അവകാശങ്ങളും ലിംഗസമത്വവും തടയുന്നതിലേക്കും എത്തും.

ഇറാഖില്‍ നിലവില്‍ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആണ്. പുതിയ നിയമ നിര്‍ദേശത്തില്‍ വിവാഹം അടക്കമുള്ള കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മത അധികാരികളെയോ സിവില്‍ ജുഡീഷ്യറിയേയോ തിരഞ്ഞെടുക്കാന്‍ പൗരന്മാരെ അനുവദിക്കുന്നു. ഇത് അനന്തരാവകാശം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.