
ടെഹ്റാൻ: ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടിക്ക് സജ്ജമായെന്ന് സൂചന. ഇത് സംബന്ധിച്ച് ഇറാൻ സൈന്യം എക്സിൽ പങ്കുവച്ച് ഒരു പോസ്റ്റാണ് ഇപ്പോൾ വലിയ തോതിൽ ചർച്ചയാകുന്നത്. ‘സമയമാകുന്നു’ എന്ന കുറിപ്പോടെ എക്സിൽ ഇറാൻ സൈന്യം പങ്കുവച്ച പോസ്റ്റിനൊപ്പം ‘ട്രൂ പ്രോമിസ് 3’ എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.53ന് പങ്കുവച്ച 25 സെക്കന്റുള്ള വിഡിയോ ട്വീറ്റിലാണ് ഇക്കാര്യങ്ങളുള്ളത്.
ക്ലോക്കിന്റെ സെക്കന്റ് സൂചിയുടെ ശബ്ദവും ദൃശ്യവുമാണു വിഡിയോയിൽ ആദ്യം കാണുക. ലോഞ്ച് ചെയ്യാൻ തയാറായിരിക്കുന്ന മിസൈലിന്റെ ദൃശ്യങ്ങളാണ് അടുത്തതായി കാണിക്കുന്നത്. ശേഷം, ‘ശിക്ഷാനേരം അടുത്തെത്തി’ എന്ന് ഇംഗ്ലിഷിലും പേർഷ്യൻ ഭാഷയിലും എഴുതി കാണിക്കുന്നുമുണ്ട്. ‘ദൈവത്തിന്റെ അവസാന ന്യായവിധി അടുത്തു’ എന്ന മറ്റൊരു പോസ്റ്റും ചിത്രവും തൊട്ടുപിന്നാലെയും പങ്കുവച്ചിട്ടുണ്ട്.
ഓപ്പറേഷൻ ട്രൂ പ്രോമിസ്’ പോലുള്ള പ്രത്യാക്രമണങ്ങൾ നടത്താൻ ഇറാനു കഴിവുണ്ടെന്നു പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നാസിർസാദെ പറഞ്ഞിരുന്നു. ഇസ്രയേൽ കടന്നുകയറിയ പലസ്തീനിയൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഏപ്രിലിൽ ഇറാൻ നടത്തിയ ആക്രമണമാണ് ‘ഓപ്പറേഷൻ ട്രൂ പ്രോമിസ്’. ഇതു പരാമർശിച്ചാണ് ഇറാൻ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. ഇറാനു വളരെയേറെ പ്രതിരോധശേഷിയുണ്ടെന്നു പാർലമെന്റിന്റെ ദേശീയ സുരക്ഷാ– വിദേശകാര്യ സമിതി വക്താവ് ഇബ്രാഹിം റെസായ് പറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.