‘സിനിമയിൽ ബോഡി ഷെയ്മിങ് പാടില്ലെന്ന് നിയമം ഉണ്ടോ?’; ഇതൊക്കെ ചില ആളുകൾ ഉണ്ടാക്കിയ വിഷയമെന്ന് ദിലീപ്

സിനിമയിലെ രാഷ്ട്രീയ ശരികളെക്കുറിച്ചും സ്ത്രീവിരുദ്ധത, ബോഡി ഷെയ്മിങ്, ജാതീയത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും വലിയ ചർച്ചകൾ നടക്കുന്ന കാലമാണ്. പല താരങ്ങളും സംവിധായകരും തമാശയെന്ന പേരിൽ തങ്ങൾ മുമ്പ് ചെയ്ത പലതും തെറ്റായിരുന്നു എന്ന് തുറന്നു സമ്മതിച്ചിട്ടുമുണ്ട്. ഇന്ത്യൻ സിനിമ, പ്രത്യേകിച്ച് മലയാള സിനിമ പല തരം ഫിൽറ്ററിങ്ങിലൂടെ കടന്നു പോകുമ്പോൾ, സിനിമയിൽ ബോഡി ഷെയ്മിങ് പാടില്ലെന്ന് നിയമമുണ്ടോ എന്ന ചോദ്യവുമായി നടൻ ദിലീപ്. തന്റെ പുതിയ സിനിമ തങ്കമണിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇതൊക്കെ കുറച്ച് ആളുകൾ ഉണ്ടാക്കിയ വിഷയം മാത്രമാണെന്ന് ദിലീപ് പറഞ്ഞത്.

“ഇപ്പോൾ നമുക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്. ബോഡി ഷെയ്മിങ്ങിന്റെ കാര്യമൊക്കെ പറഞ്ഞിട്ട്. ‘അയ്യോ അത് പറയണ്ട, അത് ബോഡി ഷെയ്മിങ് ആകും’. അപ്പോൾ ഞാൻ ചോദിച്ചു അതൊരു നിയമമാണോ? നിയമം ഉണ്ടെങ്കിൽ നമ്മളത് പാലിക്കണം. അത് കുറച്ച് ആളുകൾ ഉണ്ടാക്കിവച്ച വിഷയം അല്ലേ. അതിനെ അതിന്റെ വഴിക്കു വിടൂ. നിങ്ങൾക്ക് കുഴപ്പം ഇല്ലല്ലോ? എന്നെ ഒരാൾ കളിയാക്കുന്നതിൽ എനിക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ നിങ്ങൾക്കെന്താ പ്രശ്നം? അങ്ങനെയുള്ള ലിമിറ്റേഷൻസ് വച്ചാൽ സിനിമ ഡ്രൈ ആയിക്കൊണ്ടേയിരിക്കും. ഒരുപാട് സിനിമകളിൽ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കളിയാക്കാറുണ്ട്. കുഞ്ഞിക്കൂനൻ ഞാൻ ചെയ്യുമ്പോൾ എത്ര കഥാപാത്രങ്ങൾ എന്നെ കളിയാക്കുന്നുണ്ട്. അത് കളിയാക്കലിന്റെ ഒരു രീതിയാണ്.”

കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട്, ചക്കരമുത്ത് തുടങ്ങി പല സിനിമകളും ബോഡി ഷെയ്മിങ്ങും ട്രാൻസ് വ്യക്തികളെ പരിഹസിക്കുന്ന തരത്തിലുള്ള ചിത്രീകരണവും സ്ത്രീവിരുദ്ധ തമാശങ്ങളും അവതരിപ്പിച്ചതിന്റെ പേരിൽ വിമർശന വിധേയമായിട്ടുണ്ട്.