മൂന്നുപേരുടെ മരണത്തിനിടയാക്കിയ പടിഞ്ഞാറന്‍ ജര്‍മനിയിലെ കത്തിയാക്രമണം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്‌ഐഎസ്

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ജര്‍മനിയിലെ സോലിങ്കന്‍ നഗരത്തില്‍ ലൈവ് ബാന്‍ഡ് സംഗീതപരിപാടിക്കിടെ 3 പേരെ കുത്തിക്കൊലപ്പെടുത്തിയ ദാരുണമായ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ നാലുപേരുടെ പരുക്ക് ഗുരുതരമാണ്.

വെള്ളിയാഴ്ച രാത്രി 9.40ന് സോലിങ്കന്‍ നഗരത്തിന്റെ 650-ാം വാര്‍ഷികാഘോഷത്തിനിടയിലാണ് അക്രമി ആള്‍ക്കൂട്ടത്തില്‍ കണ്ണില്‍ കണ്ടവരെയെല്ലാം നിഷ്‌കരുണം കുത്തിവീഴ്ത്തിയത്. മിക്കവരുടെയും കഴുത്തിലാണ് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.