നസ്റല്ലയുടെ പിന്‍ഗാമി ഹാഷിം സഫീദ്ദീനെയും ഇല്ലാതാക്കിയെന്ന് ഇസ്രയേല്‍, സ്ഥിരീകരിക്കാതെ ഹിസ്ബുള്ള

ജറുസലേം: മൂന്നാഴ്ച മുമ്പ് തെക്കന്‍ ബെയ്റൂട്ടിന് സമീപം നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട നേതാവ് ഹസന്‍ നസ്റല്ലയുടെ പ്രത്യക്ഷ പിന്‍ഗാമിയായ ഹിസ്ബുള്ളയുടെ ഹാഷിം സഫീദ്ദീനെ ഇല്ലാതാക്കിയതായി ഇസ്രായേല്‍ സൈന്യം. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം സൈന്യം നല്‍കിയത്. എന്നാല്‍ ഇസ്രയേലിന്റെ അവകാശവാദം സംബന്ധിച്ച് ഹിസ്ബുള്ള ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

ഏകദേശം മൂന്നാഴ്ച മുമ്പ് നടന്ന ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തലവന്‍ ഹാഷിം സഫീദ്ദീന്‍, ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് തലവന്‍ അലി ഹുസൈന്‍ ഹസിമ എന്നിവരും മറ്റ് ഹിസ്ബുള്ള കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചത്.

ഒക്ടോബര്‍ 8 ന്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, സഫീദ്ദീന്റെ പേര് എടുത്തുപറയാതെ ഹിസ്ബുള്ള നേതാവിനെ ഇല്ലാതാക്കിയെന്ന് പറഞ്ഞിരുന്നു. അന്ന് പരാമര്‍ശിച്ചയാള്‍ സഫീദ്ദീനാണെന്നാണ് ഇന്നലെ വ്യക്തമാക്കിയത്. ലെബനനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നെതന്യാഹു പറഞ്ഞു, ഇസ്രായേല്‍ സൈന്യം ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റല്ലയും, നസ്റല്ലയുടെ പിന്‍ഗാമിയേയും ഇല്ലാതാക്കി, ഒപ്പം ആയിരക്കണക്കിന് ഭീകരരെയും ഇല്ലാതാക്കിയെന്ന് വ്യക്തമാക്കി.

മൂന്നാഴ്ച മുമ്പ് ലെബനീസ് തലസ്ഥാനത്ത് ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ തെക്കന്‍ ബെയ്റൂട്ട് പ്രാന്തപ്രദേശമായ ദഹിയേയില്‍, ഇസ്രായേല്‍ വ്യോമസേന ഹിസ്ബുള്ളയുടെ പ്രധാന രഹസ്യാന്വേഷണ ആസ്ഥാനത്ത് ആക്രമണം നടത്തിയതായും ചൊവ്വാഴ്ച സൈന്യം പറഞ്ഞു.