വെടിനിര്‍ത്തല്‍ പുനരാരംഭിക്കാനുള്ള ചര്‍ച്ചകള്‍ക്കിടെ ഗാസയില്‍ ഉടനീളം ഏറ്റുമുട്ടി ഇസ്രായേലും ഹമാസും

ഗാസ: വാരാന്ത്യത്തില്‍ ഗാസ മുനമ്പില്‍ ഉടനീളം ഇസ്രായേല്‍ സൈനികരും ഹമാസും ഏറ്റുമുട്ടി. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സാധ്യമായ വെടിനിര്‍ത്തലിന് മധ്യസ്ഥ രാജ്യങ്ങള്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഗാസയില്‍ പോരാട്ടം മുറുകുന്നത്. അത്സമയം, ശനിയാഴ്ച മുതല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 86 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

തെക്കന്‍ ഗാസയില്‍ നടന്ന പോരാട്ടത്തില്‍ രണ്ട് സൈനികര്‍ മരിച്ചതായും സെയ്ടൂണിലും മറ്റിടങ്ങളിലും തങ്ങളുടെ സൈന്യം നിരവധി ഫലസ്തീന്‍ തോക്കുധാരികളെ കൊല്ലുകയോ പിടികൂടുകയോ ചെയ്തതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഏതാണ്ട് അഞ്ച് മാസമായി തുടരുന്ന യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന ആവശ്യത്തില്‍ ഇസ്ലാമിസ്റ്റ് വിഭാഗം ഉറച്ചുനില്‍ക്കുമ്പോള്‍, സമാന്തരമായി, ഹമാസിനെ നശിപ്പിക്കാന്‍ തങ്ങളുടെ ശക്തി ഉപയോഗിച്ച് യുദ്ധം രൂക്ഷമാക്കുകയാണെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഇതോടെ, ഏതെങ്കിലും സന്ധി ഉറപ്പിക്കുന്നതിനുള്ള സാധ്യതകള്‍ മങ്ങുകയായിരുന്നു.

ഖത്തറി, ഈജിപ്ഷ്യന്‍, യുഎസ് മധ്യസ്ഥരുമായി പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന് മടങ്ങിയെത്തിയ രഹസ്യാന്വേഷണ മേധാവികള്‍ ശനിയാഴ്ച വൈകി ഗാസയിലെ രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയിരുന്നു.

ഒക്ടോബര്‍ 7-ന് അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഹമാസ് പിടികൂടിയ 253 പേരില്‍ പകുതിയോളം പേരെയും മോചിപ്പിച്ചത് നവംബറിലെ താത്ക്കാലിക വെടിനിര്‍ത്തല്‍ കരാറിലൂടെയായിരുന്നു. ഏതെങ്കിലും കരാര്‍ പ്രകാരം ആക്രമണം അവസാനിപ്പിക്കാനും സൈന്യത്തെ പിന്‍വലിക്കാനും ഹമാസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഏതെങ്കിലും കരാറില്‍ ബന്ദി കൈമാറ്റമോ, യുദ്ധം അവസാനിപ്പിക്കലോ ഇല്ലെന്ന് ഇസ്രയേലും നിലപാടെടുത്തു. കൂടാതെ ഇശ്ലാമിക പുണ്യമാസമായ റമദാന് മുമ്പ് ഇസ്രയേലില്‍ നിന്നും ഹമാസ് കൊണ്ടുപോയ ബന്ദികളെ തിരികെ എത്തിക്കണമെന്നും ഹമാസിന് ഇസ്രയേല്‍ താക്കീത് നല്‍കിയിട്ടുണ്ട്.

ഈ ആഴ്ച, ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് റഫയ്ക്കുള്ള സൈനിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ നിന്നും രക്ഷപെട്ട് റഫയില്‍ അഭയംപ്രാപിച്ച ഒരു ദശലക്ഷത്തിലധികം ഫലസ്തീന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെ, അവരുടെ വിധി എന്താകുമെന്നാണ് ലോകശക്തികളെ ആശങ്കപ്പെടുത്തുന്നത്. ഇസ്രയേല്‍ മറുപടി യുദ്ധം ആരംഭിച്ച് ഇതുവരെ ഏകദേശം 30,000 ഫലസ്തീനികള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി ഗാസ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

More Stories from this section

family-dental
witywide