
ഗാസ: ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസ മുനമ്പില്‍ 48 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ അധികൃതര്‍ അറിയിച്ചു. പോളിയോ വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ശനിയാഴ്ച ഗാസയുടെ മധ്യ, തെക്കന്‍ പ്രദേശങ്ങളില്‍ ആക്രമണമുണ്ടായത്.
പോളിയോയ്ക്കെതിരായി ഗാസയിലെ ഏകദേശം 640,000 കുട്ടികള്‍ക്കാണ് ഐക്യരാഷ്ട്രസഭ വാക്സിനേഷന്‍ നല്‍കാന്‍ ഒരുങ്ങുന്നത്. വാക്സിനേഷന്‍ ടീമുകള്‍ കഴിയുന്നത്ര മേഖലകളിലേക്ക് എത്താന്‍ ശ്രമിക്കുമെന്നും എന്നാല്‍ സമഗ്രമായ വെടിനിര്‍ത്തലിന് ശേഷം മാത്രമേ കൂടുതല്‍ കുട്ടികളെ എത്തിക്കാന്‍ കഴിയൂ എന്ന് ഗാസയുടെ ആരോഗ്യ ഉപമന്ത്രി യൂസഫ് അബു അല്‍-റീഷ് പറഞ്ഞു.
ഔദ്യോഗിക പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് ശനിയാഴ്ച നാസര്‍ ആശുപത്രി വാര്‍ഡുകളിലെ ചില കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ വാക്‌സിനുകള്‍ നല്‍കി. ടൈപ്പ് 2 പോളിയോ വൈറസ് ബാധിച്ച് ഒരു കുഞ്ഞിന് ഭാഗികമായി പക്ഷാഘാതം സംഭവിച്ചതായി കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാക്‌സിനേഷനായുള്ള പ്രചാരണം. 25 വര്‍ഷത്തിനിടെ ഈ പ്രദേശത്ത് ഇത്തരമൊരു കേസ് ഇതാദ്യമാണ്. 90% കുട്ടികള്‍ക്കും നാല് ആഴ്ചകള്‍ക്കുള്ളില്‍ രണ്ട് തവണയെങ്കിലും വാക്‌സിനേഷന്‍ നല്‍കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥര്‍ പറയുന്നു, എന്നാല്‍ 11 മാസത്തെ യുദ്ധത്തില്‍ തകര്‍ന്നുടഞ്ഞ ഗാസയില്‍ ഇത് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.