
ബെയ്റൂത്ത്: ലെബനനിൽ നാല് സൈനികരെ കൊലപ്പെടുത്തിയതിന് ഹിസ്ബുള്ളക്ക് ഇസ്രായേൽ സൈന്യത്തിന്‍റെ തിരിച്ചടി. ലബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡറെയെടക്കം 3 പേരെ വധിച്ചതായി ഇസ്രായേൽ അറിയിച്ചു. ഹിസ്ബുല്ലയുടെ ബിന്ദ് ജെബയിൽ ഏരിയ കമാൻഡർ അഹമ്മദ് ജാഫർ മഅത്തൂക്ക് ആണ് കൊല്ലപ്പെട്ടതെന്നും ഐ ഡി എഫ് (ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്) ഔദ്യോഗിക എക്സ് പേജിലൂടെ വ്യക്തമാക്കി. ഹിസ്ബുല്ലയുടെ ബിന്ദ് ജെബയിൽ ഏരിയയിലെ പീരങ്കി വിഭാഗം തലവനെ കഴിഞ്ഞ ദിവസം വധിച്ചിരുന്നതായും ഐ ഡി എഫ് വ്യക്തമാക്കി. തെക്കൻ ലബനാനിലുള്ള ഇസ്രായേൽ സിവിലിയന്മാർക്കും ഐ ഡി എഫ് സൈനികർക്കും നേരെ ടാങ്ക് വേധ മിസൈലുകൾ വിക്ഷേപിക്കുന്ന മൂന്നു പേരെയാണ് വധിച്ചതെന്നും ഐ ഡി എഫ് അവകാശപ്പെട്ടു.
അതേസമയം ഇന്നലെയാണ് തെക്കൻ ലബനനിൽ ഏറ്റുമുട്ടലിനിടെ നാല് റിസർവ് സൈനികരെ ഹിസ്ബുള്ള കൊലപ്പെടുത്തിയത്. 4 സൈനികൾ കൊല്ലപ്പെട്ടതായും 14 പേർക്ക് പരിക്കേറ്റതായും ഐ ഡി എഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലേക്ക് ശനിയാഴ്ച പുലർച്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഐ ഡി എഫിനു നേരെ ഹിസ്ബുള്ളയുടെ ആക്രമണം ഉണ്ടായത്. ക്യാപ്റ്റൻ റബ്ബി അവ്റഹാം യോസെഫ് ഗോൾഡ്‌ബെർഗ് (43), മാസ്റ്റർ സർജന്റ് ഗിലാഡ് എൽമാലിയാക് (30), ക്യാപ്റ്റൻ അമിറ്റ് ചയുത് (29), മേജർ ഏലിയാവ് അംറാം അബിത്ബോൽ (36) എന്നിവരാണ് ഏറ്റവുമൊടുവിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികർ. എല്ലാവരും അലോൺ ബ്രിഗേഡിൻ്റെ 8207-ാം ബറ്റാലിയനിലെ അംഗങ്ങളായിരുന്നു എന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇവരിൽ ഗോൾഡ്‌ബെർഗ് ബറ്റാലിയൻ്റെ റബ്ബിയും ചയുത് പ്ലാറ്റൂൺ കമാൻഡറും അബിറ്റ്ബോൽ ഡെപ്യൂട്ടി കമ്പനി കമാൻഡറുമായിരുന്നു.















