ഗാസയിൽ പ്രവേശിക്കാനുള്ള വിദേശ മാധ്യമങ്ങളുടെ അപ്പീൽ തള്ളി ഇസ്രയേൽ കോടതി

ടെൽ അവീവ്: യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലേക്ക് മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായ പ്രവേശനം അനുവദിക്കണമെന്ന അന്താരാഷ്ട്ര മാധ്യമ സംഘടനകളുടെ അപ്പീൽ ഇസ്രയേൽ സുപ്രീം കോടതി തള്ളി.

മാധ്യമപ്രവർത്തകർ സ്വതന്ത്രമായി സഞ്ചരിക്കുന്നത് ഗാസയിലെ ഇസ്രയേൽ സൈനികരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിലക്കിനെ ന്യായീകരിച്ചത്.

തിങ്കളാഴ്ച പുറപ്പെടുവിച്ച വിധിയിൽ, സുരക്ഷാ കാരണങ്ങളാൽ നിയന്ത്രണം ഏർപ്പെടുത്തിയത് ന്യായമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഗാസയിൽനിന്ന് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുമ്പോൾ സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തന വിശദാംശങ്ങൾ പുറത്തറിയുമെന്നും അത് അപകടത്തിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു.

അന്താരാഷ്ട്ര മാധ്യമ സംഘടനകളുടെ പ്രതിനിധിയായി ​കോടതിയെ സമീപിച്ച ജറൂസലം ഫോറിൻ പ്രസ് അസോസിയേഷൻ (എഫ്‌.പി‌.എ) വിധിയിൽ നിരാശയുണ്ടെന്ന് പ്രതികരിച്ചു. 95 ദിവസം തുടർച്ചയായി സ്വതന്ത്ര വിദേശ മാധ്യമപ്രവർത്തകർക്ക് ഗാസയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ ഇസ്രയേൽ നടപടി കീഴ്വഴക്കങ്ങൾ ലംഘിക്കുന്നതാണെന്നും എഫ്‌.പി.‌എ പ്രസ്താവനയിൽ പറഞ്ഞു.

More Stories from this section

family-dental
witywide