
ജറുസലേം: 2017-നുശേഷം ആദ്യമായി വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രം നിർമിക്കാൻ ഇസ്രയേൽ. വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന ഇസ്രയേൽ സിവിൽ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യം അറിയിച്ചത്. ബെത്‌ലഹേമിന് സമീപം 148 ഏക്കറി(ആറുലക്ഷം ചതുരശ്രമീറ്റര്‍) ലായിരിക്കും നിർമാണം.
സോണിംഗ് പ്ലാനുകളും നിർമ്മാണ പെർമിറ്റുകളും ലഭിക്കുന്നതിന് സമയമെടുക്കുന്നതിനാൽ നിർമ്മാണം വർഷങ്ങളോളം നീണ്ടേക്കാം. നഹാൽ ഹൈലൈറ്റ്സ് എന്ന പേരിലാണ് കുടിയേറ്റ കേന്ദ്രം ഒരുങ്ങുക.
അതേസമയം, കുടിയേറ്റകേന്ദ്രനിർമാണം സംഘർഷങ്ങൾക്കും സുരക്ഷാപ്രശ്നങ്ങൾക്കും വഴിവച്ചേക്കാമെന്ന് നിർമാണത്തെ എതിർക്കുന്ന സംഘടനയായ പീസ് നൗ മുന്നറിയിപ്പ് നൽകി. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പുരാതന കാർഷിക ടെറസുകൾക്ക് പേരുകേട്ട പലസ്തീനിലെ ബത്തീർ ഗ്രാമത്തിന്റെ ഭൂമിയിലാണ് കേന്ദ്രത്തിന്റെ നിർമാണമെന്നും ഇവർ ചൂണ്ടിക്കാട്ടി.