
ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്നും കടത്തിക്കൊണ്ടുപോയി ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരെ റമദാന്‍ മാസത്തോടെ മോചിപ്പിച്ചില്ലെങ്കില്‍ അടുത്ത മാസം റഫയ്ക്കെതിരെ ഇസ്രയേല്‍ കടുത്ത ദീര്‍ഘകാല ആക്രമണം ആരംഭിക്കുമെന്ന് മുന്നറിയിപ്പ്. ഇസ്രായേല്‍ യുദ്ധ കാബിനറ്റ് അംഗം ബെന്നി ഗാന്റ്‌സാണ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
‘ലോകം അറിയണം, ഹമാസ് നേതാക്കള്‍ അറിയണം, റമദാനില്‍ നമ്മുടെ ബന്ദികള്‍ അവരുടെ വീട്ടില്‍ ഇല്ലെങ്കില്‍, റഫ പ്രദേശം ഉള്‍പ്പെടെ എല്ലായിടത്തും ശക്തമായ പോരാട്ടം തുടരും, വിരമിച്ച സൈനിക മേധാവിയായ ബെന്നി ഗാന്റ്‌സിന്റെ ഈ വാക്കുകള്‍ എത്തിയത് ഞായറാഴ്ച ജറുസലേമില്‍ ചേര്‍ന്ന അമേരിക്കന്‍ ജൂത നേതാക്കളുടെ ഒരു സമ്മേളനത്തിലായിരുന്നു.
മാര്‍ച്ച് 10 ഓടെ മുസ്ലീങ്ങളുടെ വിശുദ്ധ മാസമായ റമദാന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് 1.7 ദശലക്ഷം പലസ്തീനികളില്‍ ഭൂരിഭാഗവും അഭയം തേടിയ റഫ നഗരത്തിന് നേരെയുള്ള ആസൂത്രിത ആക്രമണത്തിനുള്ള സമയപരിധി ഇസ്രായേല്‍ സര്‍ക്കാര്‍ നിശ്ചയിച്ചുവെന്നു സാരം. റഫ ആക്രമണത്തില്‍ നിന്നും പിന്മാറാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ ആവര്‍ത്തിക്കുമ്പോഴാണ് ബന്ദി മോചനം നടന്നില്ലെങ്കില്‍ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ സൂചന നല്‍കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നേരിട്ടുള്ള അഭ്യര്‍ത്ഥന ഉള്‍പ്പെടെ അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, റഫയിലേക്ക് പോരാട്ട് നീട്ടാതെ യുദ്ധം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തറപ്പിച്ചു പറയുന്നു.
ഞായറാഴ്ച ജറുസലേം കോണ്‍ഫറന്‍സില്‍ സംസാരിച്ച നെതന്യാഹു ഹമാസിനെ ബന്ദികളാക്കിയോ അല്ലാതെയോ ‘സമ്പൂര്‍ണ വിജയം നേടിയേ ജോലി പൂര്‍ത്തിയാക്കുവെന്ന പ്രതിജ്ഞ ആവര്‍ത്തിച്ചു.
അതേസമയം, ആഴ്ചകള്‍ നീണ്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഒരു കരാര്‍ ഉണ്ടാക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ മങ്ങുന്നതായും പ്രധാന മധ്യസ്ഥനായ ഖത്തര്‍ സമ്മതിക്കുന്നുണ്ട്.












