
ടെഹ്റാന്‍: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം കൊടുംപിരി കൊണ്ടിരിക്കെ ഇസ്രയേലിന് വീണ്ടും യുദ്ധമുന്നറിയിപ്പുമായി ഇറാന്‍. ഇസ്രായേല്‍ തിരിച്ചടിക്കുകയും ഇറാന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍, അടുത്ത പ്രതികരണം ഉടനടിയും പരമാവധി ഉയര്‍ന്ന തലത്തിലുമാകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അമിറാബ്ദുള്ളാഹിയന്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം ഇറാനെതിരായ ഒറ്റരാത്രികൊണ്ട് നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഇറാന്‍ വിദേശകാര്യമന്ത്രി വെള്ളിയാഴ്ച പറഞ്ഞു. മാത്രമല്ല, ആക്രമണത്തില്‍ ഇസ്രായേലുമായി ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ വിഷയം അന്വേഷിച്ചുവരികയാണെന്നും എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ കൃത്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിനകത്ത് ഇസ്ഫഹാന്‍ നഗരത്തിനടുത്തുള്ള ഇറാനിയന്‍ വ്യോമസേനാ താവളത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം, എന്നാല്‍ തന്ത്രപ്രധാനമായ സ്ഥലങ്ങളൊന്നും ആക്രമിക്കാതെയോ വലിയ നാശനഷ്ടങ്ങള്‍ വരുത്താതെയോ ആയിരുന്നു ഇത്. ഇസ്രായേല്‍ നടത്തുന്നതിനേക്കാള്‍ ‘നുഴഞ്ഞുകയറ്റക്കാരുടെ’ ആക്രമണമായാണ് ഇറാന്‍ സംഭവത്തെ പരാമര്‍ശിച്ചത്.
എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രായേല്‍ തന്നെയെന്നു കണ്ടെത്തിയാല്‍, ഞങ്ങളുടെ അടുത്ത പ്രതികരണം ഉടനടി ആയിരിക്കും, അത് പരമാവധി തലത്തിലായിരിക്കുമെന്നും അമിറാബ്ദുള്ളാഹിയന്‍ താക്കീത് നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. അതേസമയം, യു.എസ് ഒരു ആക്രമണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ വ്യക്തമാക്കിയിരുന്നു.