
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന സ്ഥലത്തുവെച്ച് ഇസ്രായേലിന്റെ ചരക്കുകപ്പല്‍ലായ എം.എസ്.സി ഏരീസ് പിടിച്ചെടുത്ത് ഇറാൻ. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും കപ്പലിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് കപ്പലിലുള്ള മലയാളികളാണ് വിവരം.
ഏപ്രില്‍ ഒന്നിനു സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലെ ഇറാന്‍ എംബസി ആക്രമിച്ചതോടെ, ഇസ്രായേലിനെതിരെ ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് പുതിയ സംഭവം.
മേഖലയിലെ സംഘർഷം രൂക്ഷമാക്കുന്നതിനിടെയാണ് ഇറാന്റെ നീക്കം. കപ്പൽ പിടിച്ചെടുത്തതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ തീരുമാനിച്ചതിൻ്റെ അനന്തരഫലങ്ങൾ ഇറാൻ വഹിക്കുമെന്ന് സൈനിക വക്താവ് ഡാനിയൽ ഹഗാരി പ്രസ്താവനയിൽ പറഞ്ഞു.
യുഎഇയിൽനിന്ന് മുംബൈയിലെ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് പിടിച്ചെടുത്തത്. ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സും തീരസേനയും കപ്പൽ വളഞ്ഞ് ഇറാന്‍റെ ജലാതിർത്തിയിലേക്ക് മാറ്റുകയായിരുന്നു. കമാൻഡോകൾ ഹെലികോപ്ടറിലെത്തി കപ്പലിലെ ഡെക്കിൽ ഇറങ്ങുന്ന ദൃശ്യങ്ങൾ അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി പുറത്തുവിട്ടു.














