
ഗാസ: ഗാസയില്‍ വീണ്ടും ഇസ്രയേലിലിന്‍റെ ആക്രമണം. ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിൽ 41 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് ഏറ്റവും പിതിയ വിവരം. 2023 ഒക്ടോബർ 7 ന് തുടങ്ങിയ ഇസ്രയേൽ ആക്രമണം പത്ത് മാസം പിന്നിടുമ്പോൾ കൊടും ക്രൂരതയില്‍ 40,476 പലസ്തീനികളുടെ ജീവൻ നഷ്ടമായെന്നാണ് കണക്കുകൾ പറയുന്നത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണത്തിൽ ഇതുവരെ 93,647 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
അതേസമയം ഗസയിലെ വെടിനിർത്തൽ ചർച്ചകൾ വൈകില്ലെന്നാണ് അമേരിക്കൻ വൃത്തങ്ങൾ പറയുന്നത്. അടുത്ത ആഴ്ച ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയില്‍ വെടിനിർത്തൽ ചർച്ചകൾ പുനഃരാരംഭിക്കുമെന്നാണ് അമേരിക്ക നല്‍കുന്ന സൂചന. ഇറാനും ഹൂതികളും ഹിസ്ബുല്ലയും ഇസ്രായേലിനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മേഖലായുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. ഇതോടെയാണ് വെടിനിർത്തൽ ചർച്ചകൾക്കുള്ള നീക്കം വീണ്ടും സജീവമായത്. ഗസ യുദ്ധത്തിന് അറുതിവരുത്താനുള്ള നീക്കമാണ് തുടരുന്നതെന്നാണ് അമേരിക്ക പറയുന്നത്.
നേരത്തെ അല്‍ അഖ്‌സ പള്ളിയില്‍ ജൂത ആരാധനാലയം സ്ഥാപിക്കുമെന്ന ഇസ്രായേല്‍ മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ലോകത്താകമാനം ഉയര്‍ന്നത്. തീകൊണ്ടുള്ള അപകടകരമായ കളിയാണിതെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പള്ളിയുടെ പവിത്രത തകര്‍ക്കാന്‍ തുനിഞ്ഞാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അറബ് ലീഗ്, ഒ ഐ സി കൂട്ടായ്മകയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്ക ഇടപെടൽ ശക്തമാക്കിയത്.