അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നേട്ടം സ്വന്തമാക്കാൻ ഇന്ത്യ!ബഹിരാകാശത്ത് പുതുചരിത്രം പിറക്കും, ‘സ്പാഡെക്‌സ്’ വിക്ഷേപണം വിജയകരം

ഡല്‍ഹി: ബഹിരാകാശത്ത് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നേട്ടം സ്വന്തമാക്കാൻ ഇന്ത്യ. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യ പരീക്ഷണത്തിനായി ‘സ്പാഡെക്‌സ് ‘ വിക്ഷേപിച്ചു. സ്പാഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി- സി 60 റോക്കറ്റ് ആണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് കുതിച്ചുയര്‍ന്നത്. വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

രണ്ടു ഉപഗ്രഹങ്ങളെ തമ്മില്‍ കൂട്ടി യോജിപ്പിക്കുന്ന ദൗത്യം വിജയിച്ചാല്‍ യുഎസ്, റഷ്യ, ചൈന, എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ സ്ഥാനം നേടും. ചേസര്‍ (എസ്ഡിഎക്‌സ് 01), ടാര്‍ഗറ്റ് (എസ്ഡിഎക്‌സ് 02) എന്നി ഉപഗ്രഹങ്ങളെയും വഹിച്ചാണ് പിഎസ്എല്‍വി-സി 60 റോക്കറ്റ് കുതിച്ചത്. സ്പേസ് ഡോക്കിങ് എക്സ്പെരിമെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് സ്പാഡെക്‌സ്.

476 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കുന്ന ചേസര്‍, ടാര്‍ഗറ്റ് എന്നി ഉപഗ്രഹങ്ങളെയാണ് ഐഎസ്ആര്‍ഒ ഡോക്ക് ചെയ്യിക്കുക. ഓരോ ഉപഗ്രഹങ്ങള്‍ക്കും 220 കിലോഗ്രാം വീതമാണ് ഭാരം. ഇതിന്റെ ഭാഗമായി ഉപഗ്രഹങ്ങളെ വിജയകരമായി വേര്‍തിരിക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ ബഹിരാകാശ യാത്രയില്‍ മറ്റൊരു നാഴികക്കല്ല് ആയതായും ഐഎസ്ആര്‍ഒ അറിയിച്ചു.

ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്നശേഷം രണ്ടും കൂട്ടിയോജിപ്പിക്കും (ഡോക്കിങ്). ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റപേടകംപോലെ പ്രവര്‍ത്തിച്ചശേഷം അവയെ വേര്‍പെടുത്തുകയും ചെയ്യും (അണ്‍ഡോക്കിങ്). ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിക്കും. രണ്ട് ഉപഗ്രഹങ്ങള്‍ക്ക് പുറമെ 24 പരീക്ഷണോപകരണങ്ങളോട് കൂടിയാണ് പിഎസ്എല്‍വി പറന്നുയര്‍ന്നത്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക.

More Stories from this section

family-dental
witywide