‘മറ്റ് രാജ്യങ്ങളിലെ ജനാധിപത്യ പ്രക്രിയകളില്‍ ഇടപെടുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നയമല്ല’; കാനഡയ്ക്ക് ഇന്ത്യയുടെ മറുപടി

ന്യൂഡല്‍ഹി: കാനഡ പൊതുതിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഇന്ത്യശ്രമിച്ചുവെന്ന ആരോപണം ശക്തമാക്കി വ്യാഴാഴ്ച കാനഡ പുറത്തുവിട്ട രേഖകളോട് പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിക്കുകയും കാനഡ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി.

കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസിന്റെ (സിഎസ്‌ഐഎസ്) റിപ്പോര്‍ട്ടിനെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിച്ചു. മാത്രമല്ല, കനേഡിയന്‍ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയുടെ ഇടപെടലിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ എല്ലാ ആരോപണങ്ങളും ഞങ്ങള്‍ ശക്തമായി നിരസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ ജനാധിപത്യ പ്രക്രിയകളില്‍ ഇടപെടുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നയമല്ലെന്നും വാസ്തവത്തില്‍, തികച്ചും വിപരീതമായി, കാനഡയാണ് ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡയിലെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഒരു വിദേശ രഹസ്യാന്വേഷണ സേവനവും സുരക്ഷാ ഏജന്‍സിയുമാണ് കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ്. ലോകമെമ്പാടുമുള്ള ദേശീയ സുരക്ഷാ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനും കാനഡയിലും വിദേശത്തും രഹസ്യ പ്രവര്‍ത്തനം നടത്തുന്നതും ഈ ഏജന്‍സിയാണ്.

2019-ലും 2021-ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യ, പാകിസ്ഥാന്‍, ചൈന, റഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ ഫെഡറല്‍ കമ്മീഷന്‍ പരിശോധിക്കുന്നതായി കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസിന്റെ രേഖ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രേഖകള്‍ ഏപ്രില്‍ 4നാണ് കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് പുറത്തുവിട്ടത്.

More Stories from this section

family-dental
witywide