
ന്യൂയോര്‍ക്ക്: ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ചരക്ക് കപ്പലായ ഡാലിയെ മാറ്റാന്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. പാലം തകര്‍ന്നതുമുതല്‍ കപ്പലിന്റെ മുന്‍ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന പാലത്തിന്റെ വലിയൊരു ഭാഗം വേര്‍പെടുത്താന്‍ ജീവനക്കാര്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുമെന്ന് യൂണിഫൈഡ് കമാന്‍ഡിന്റെ പെറ്റി ഓഫീസര്‍ റൊണാള്‍ഡ് ഹോഡ്ജസ് വ്യക്തമാക്കുന്നു.
ഡാലിയുടെ ജീവനക്കാര്‍ ഇപ്പോഴും കപ്പലില്‍ തന്നെ തുടരുകയാണ്. എന്നാല്‍ സ്ഫോടന സമയത്ത് അവര്‍ക്ക് സുരക്ഷിതമായി കപ്പലില്‍ തുടരാനാകുമെന്നും അവരെ ഒഴിപ്പിക്കേണ്ടി വരില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാലത്തിന്റെ ഉരുക്ക് അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലിനെ പുറത്തെത്തിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണിതെന്നും മുമ്പും പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ സ്‌ഫോടനം നടത്തുന്നതിലൂടെ വലിയ അളവില്‍ ഉരുക്ക് നീക്കം ചെയ്യാനാകുമെന്നും മേരിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍ വ്യക്തമാക്കിയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ ഓപ്പറേഷന്‍ കഴിഞ്ഞാലുടന്‍, കൃത്യമായ കട്ടിംഗ് പൂര്‍ത്തിയാക്കി ആ ഉരുക്ക് വെള്ളത്തില്‍ നിന്ന് നീക്കം ചെയ്യാനും ഡാലി സുരക്ഷിതമായി നീക്കാനും ഫെഡറല്‍ ചാനല്‍ വീണ്ടും തുറക്കാനുമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ ഈ ഓപ്പറേഷനായി കൃത്യതയുള്ള സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കാന്‍ ദിവസങ്ങള്‍ വരെ എടുത്തേക്കും.