
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന് ചക്ക ചിഹ്നം അനുവദിച്ചു. രാമനാഥപുരത്ത് നിന്നും മത്സരിക്കാനൊരുങ്ങുന്ന പനീര്‍ശെല്‍വത്തിന് ശനിയാഴ്ച ജില്ലാ കളക്ടറേറ്റില്‍ നറുക്കെടുപ്പിലൂടെയാണ് ചക്ക ചിഹ്നം അനുവദിച്ചത്.
ബക്കറ്റോ ചക്കയോ മുന്തിരിയോ ആണ് തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായി മുന്‍ഗണന നല്‍കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം നേരത്തെ വ്യക്തമാക്കിയിരുന്നു. ബക്കറ്റ്, ചക്ക, മുന്തിരി എന്നിവയിലേതെങ്കിലും ഒരു ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒ. പനീര്‍ശെല്‍വം തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമര്‍പ്പിച്ചതിനു പിന്നാലെയാണ് നടപടിക്രമങ്ങള്‍ അനുസരിച്ച് നറുക്കെടുപ്പിലൂടെ ലഭിച്ച ചക്ക ചിഹ്നം നല്‍കിയത്.
മുക്കാനിയില്‍ (മൂന്ന് പ്രധാന പഴങ്ങളായ മാങ്ങ, ചക്ക, വാഴപ്പഴം) ഒന്നായതിനാല്‍ ചക്ക ഞങ്ങളുടെ ചിഹ്നമായി ലഭിച്ചതില്‍ സന്തോഷമുണ്ട്. ചിഹ്നം ഏതായാലും ഞങ്ങളുടെ നേതാവ് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വിജയിക്കുമെന്ന് ഒപിഎസ് അനുയായികള്‍ രാമനാഥപുരത്ത് പറഞ്ഞു.
പ്രധാന പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ, 21 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നം വിതരണം വൈകുന്നേരത്തോടെ നടന്നതായി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, രാമനാഥപുരം മണ്ഡലത്തില്‍ ആകെ 56 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു, അതില്‍ 27 സ്ഥാനാര്‍ത്ഥികളുടേത് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.










