
ശ്രീനഗര്‍: പത്തുവര്‍ഷത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ജമ്മു കശ്മീര്‍. ഏറ്റവും വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുന്ന ദക്ഷിണ കശ്മീരടക്കമാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. വൈകിട്ട് ആറുമണിവരെയാണ് പോളിംഗ്. പുല്‍വാമ, ഷോപിയാന്‍, അനന്ത്‌നാഗ്, ബിജ്‌ബെഹറ തുടങ്ങിയ 24 മണ്ഡലങ്ങളാണു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുക. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ അടക്കം കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് 90 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 3 ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇന്നുമുതല്‍ ഒക്ടോബര്‍ 1 വരെയാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 8 ന്.
ബിജ്‌ബെഹറയില്‍ മത്സരിക്കുന്ന മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി, കുല്‍ഗ്രാമില്‍ മത്സരിക്കുന്ന സി പി എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, ദൂരുവില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് മുന്‍ കശ്മീര്‍ പ്രസിഡന്റ് ഗുലാം അഹമ്മദ് മിര്‍ എന്നിവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഭൂരിഭാഗവും ബി ജെ പിക്ക് സ്വാധീനമില്ലാത്ത മേഖലകളാണ്.
2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. 3,276 പോളിംഗ് സ്റ്റേഷനുകളില്‍ മേല്‍നോട്ടം വഹിക്കാന്‍ 14,000 പോളിംഗ് സ്റ്റാഫിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍, 18 നും 19 നും ഇടയില്‍ പ്രായമുള്ള 1.23 ലക്ഷം യുവാക്കളും 28,309 വികലാംഗരും (PwDs) 85 വയസ്സിന് മുകളിലുള്ള 15,774 വോട്ടര്‍മാരും പോള്‍ബൂത്തിലേത്തും.
സഖ്യത്തിലാണെങ്കിലും എന്‍സിയും കോണ്‍ഗ്രസും ബനിഹാല്‍, ഭാദേര്‍വ, ദോഡ എന്നിവിടങ്ങളില്‍ വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. വിമത എന്‍സി നേതാവ് പ്യാരെ ലാല്‍ ശര്‍മ്മ ഇന്‍ഡെര്‍വാളില്‍ സ്വതന്ത്രനായി മത്സരിക്കുന്നു, ബി ജെ പി വിമതരായ രാകേഷ് ഗോസ്വാമിയും സൂരജ് സിംഗ് പരിഹാറും റംബാന്‍, പദ്ദര്‍-നാഗ്സേനി എന്നിവിടങ്ങളില്‍ മത്സരിക്കുന്നു. 302 നഗര, 2,974 റൂറല്‍ പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ട്, ഓരോന്നിലും പ്രിസൈഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുണ്ട്. ജമ്മു കശ്മീരിലെ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 35,000 കശ്മീരി പണ്ഡിറ്റുകള്‍ വോട്ട് ചെയ്യും.
അതിനിടെ, തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. രണ്ടാംഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ശ്രീനഗറിലെത്തും.














