
തിരുവനന്തപുരം: തിരുവല്ലയില്‍ നിന്നും കാണാതായ ജസ്നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്ന തരത്തിലുള്ള വെളിപ്പെടുത്തലോടെ ജസ്ന തിരോധാന കേസ് വീണ്ടും ചര്‍ച്ചയാകുകയാണ്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സിബിഐ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സിബിഐ ഉദ്യോഗസ്ഥര്‍ നാളെ മുണ്ടക്കയത്ത് എത്തുമെന്ന് വിവരം.
ലോഡ്ജ് ജീവനക്കാരിയായിരുന്ന മുണ്ടക്കയം സ്വദേശിനിയാണ് ഇന്നലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇവരുടെ മൊഴിയേടുക്കാനാണ് സിബിഐ എത്തുക. ലോഡ്ജില്‍ കണ്ടത് ജെസ്ന തന്നെ ആണോ, കാണാതായതിന് ഇവിടവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും അന്വേഷിക്കുക. സിബിഐ അന്വേഷണ സംഘം ലോഡ്ജ് ഉടമയെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ വിശദമായ മൊഴിയും രേഖപ്പെടുത്തിയേക്കുമെന്നും വിവരമുണ്ട്.
മുണ്ടക്കയം ബസ് സ്റ്റാന്റിന്റെ നേരേ എതിര്‍ വശത്തുള്ള കെട്ടിടത്തിലാണ് ജസ്ന എത്തിയെന്ന് പറയപ്പെടുന്ന ലോഡ്ജ് പ്രവര്‍ത്തിക്കുന്നത്. ലോഡ്ജിനെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും. ജസ്നയുടെ അവസാന സിസിടിവി ദൃശ്യം ലഭിക്കുന്നത് ഈ പ്രദേശത്ത് വെച്ചാണെന്നതിനാല്‍ നേരത്തെ പല തവണ ക്രൈംബ്രാഞ്ച് ഇവിടെ പരിശോധന നടത്തിയിരുന്നതും കേസില്‍ ശ്രദ്ധേയമാണ്.
അതേസമയം, ലോഡ്ജിലെ മുന്‍ ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ ലോഡ്ജ് ഉടമയും ജസ്‌നയുടെ പിതാവും തള്ളിയിരുന്നു.