
ന്യൂഡല്‍ഹി: നാല് തവണ രാജ്യസഭാംഗമായ ജയാ ബച്ചനെ, ചൊവ്വാഴ്ച നടക്കുന്ന ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വീണ്ടും നാമനിര്‍ദ്ദേശം ചെയ്തു. ജയാ ബച്ചന്‍ അഞ്ചാം തവണയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതോടെ, പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഉണ്ടെന്ന കിംവദന്തികള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കിടയിലും സമാജ്വാദി പാര്‍ട്ടി ജയാ ബച്ചനെ ആവര്‍ത്തിച്ച് നാമനിര്‍േദശം ചെയ്യുന്നതിന് ചില കാരണങ്ങളുണ്ട്.
ജയാ ബച്ചന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലെ ഏറ്റവും വലിയ കാരണം പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ്ങ് യാദവിന്റെ കുടുംബവുമായുള്ള അടുപ്പം തന്നെയാണ്. എംപിയും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവിനോടും ജയ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. മാത്രമല്ല, പാര്‍ട്ടി നേതാവും എംപിയുമായ രാം ഗോപാല്‍ യാദവിന്റെ പിന്തുണയും ജയയ്ക്കുണ്ട്. മറ്റൊരു പ്രധാന കാരണം ജയാ ബച്ചന്‍ ഒരു സ്ത്രീ എന്ന നിലയില്‍ വനിതാ നിയമസഭാംഗങ്ങളുടെ വോട്ടും ഉറപ്പ് നല്‍കുന്നു. വോട്ടര്‍മാരില്‍ 50 ശതമാനം സ്ത്രീകളാണെന്നതിനാല്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തുന്നത് പാര്‍ട്ടിക്ക് അനുകൂലമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരൂപകനുമായ ജാവേദ് അന്‍സാരി പറഞ്ഞു. ജയാ ബച്ചന്റെ സെലിബ്രിറ്റി പദവിയും ആളുകളിലെ സ്വീകാര്യതയും നാമനിര്‍ദ്ദേശത്തിന് പ്രേരിപ്പിക്കുന്ന ഘടകമാണ്.












