
ആ കണ്ണുകള്‍, ഭംഗിയുള്ള ചിരി, സിരകളിലേക്ക് പടര്‍ന്നു കയറുന്ന നൃത്തം… മലയാളികള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം തൊട്ടേ മനസിലേക്ക് സിനിമയുടെ മായിക ലോകത്തുനിന്നും ചേര്‍ത്തുവെച്ച നടിയായിരുന്നു ജയഭാരതി. ശാരദയ്ക്കും ഷീലയ്ക്കും പിന്നാലെ ജയഭാരതിയും എത്തിയ നായികാ നിരയെ സിനിമയെ നെഞ്ചേറ്റിയവര്‍ക്ക് മധുരിതമായ ഓര്‍മ്മയാണ് സമ്മാനിക്കുക. പ്രണയം നുരഞ്ഞ മിഴിയിണകളില്‍ ചിരിയും കണ്ണീരും മാറി മാറി കോര്‍ത്തിട്ട് വെള്ളിത്തിരയില്‍ നിറഞ്ഞ ജയഭാരതിക്ക് ഇന്ന് സപ്തതിയുടെ നിറവ്. കാലം കോറിയിട്ട മാറ്റങ്ങളിലേക്ക് ജയഭാരതിയും വീണു പോയിട്ടുണ്ടെങ്കിലും ഓര്‍മ്മകളുടെ ചെറുപ്പത്തിലാണവര്‍.
ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോല്‍ എല്ലാ പല്ലും മുളച്ചിട്ടില്ലാത്ത 13 കാരിയായിരുന്നു അവര്‍. കൊല്ലം തേവള്ളി ഓലയില്‍ തൂമ്പുവടക്കേല്‍ പി.ജി.ശിവശങ്കരപ്പിള്ളയുടെയും ശാരദയുടെയും മകളായി 1954 ജൂണ്‍ 28നാണ് ജനനം. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ തമിഴ്‌നാട്ടിലെത്തിയ കൊച്ചു ജയഭാരതി നൃത്തത്തിന്റെ വഴിയിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.

‘പെണ്‍മക്കള്‍’ എന്ന ശശികുമാര്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ജയഭാരതി രൂപംകൊണ്ട് യുവതിയും പ്രായംകൊണ്ട് 13 കാരിയുമായിരുന്നു. ആദ്യകാലത്ത് ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് പിന്നീട് നായിക വേഷങ്ങളില്‍ തിളങ്ങുകയും മലയാളി മനസിലേക്ക് ചേക്കേറുകയുമായിരുന്നു. ലക്ഷ്മി ഭാരതി എന്നായിരുന്നു യഥാര്‍ത്ഥ പേര്. പിന്നീടത് ജയഭാരതിയായി. 19ാം വയസ് എത്തിയപ്പോഴേക്കും നൂറു സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു ജയഭാരതി.

ഏറ്റവും മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം രണ്ടു തവണ നേടിയിട്ടുണ്ട്. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് 1972-ലും മാധവിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് 1973-ലുമാണ് ഈ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ഏറ്റവും ഒടുവില്‍ അഭിനയിച്ചത് മോഹന്‍ലാല്‍ ചിത്രമായ ഒന്നാമനിലായിരുന്നു. 1979 ലായിരുന്നു സത്താറുമായുള്ള വിവാഹം. ഏക മകന്‍ കൃഷ് സത്താര്‍ ഇപ്പോള്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം യു.കെയിലാണ്.