ജയലളിതയുടെ കോടികൾ വിലവരുന്ന വസ്തുക്കൾ ഇനി തമിഴ്നാടിന്, 800 കിലോ വെള്ളി, 28 കിലോ സ്വർണം, വജ്രങ്ങൾ..; കൊണ്ടുപോകാൻ പെട്ടിയുമായി വരാൻ കർണാടക കോടതി നിർദേശം

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ഉൾപ്പെടെയുള്ളവരിൽനിന്ന് പിടിച്ചെടുത്ത കോടികൾ വിലമതിക്കുന്ന വസ്തുക്കൾ വൈകാതെ തമിഴ്‌നാടിന്സ്വന്തമാകും. ബെംഗളുരുവിലെ ട്രഷറിയിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതൽ കൈപ്പറ്റാൻ ആറ് വലിയ പെട്ടികളുമായി മാർച്ച് ആദ്യ വാരം എത്താൻ തമിഴ്നാട് സർക്കാരിന് കോടതി നിർദേശം നൽകി.ബെംഗളുരു 32-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് നിർദേശം നൽകിയിരിക്കുന്നത്.

800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങൾ, പതിനായിരത്തോളം പട്ട് സാരികൾ, 250 ഷാൾ, 750 ചെരുപ്പ്, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകൾ തുടങ്ങിയവയായിരുന്നു ജയലളിതയുടെ വീടായ വേദ നിലയത്തിൽനിന്ന് പിടിച്ചെടുത്തത്. 1996 ൽ രജിസ്റ്റർ ചെയ്യപ്പെട്ട അനധികൃത സ്വത്തുസമ്പാദന കേസിന്റെ വിചാരണ രാഷ്ട്രീയ ഇടപെടൽ ചൂണ്ടിക്കാട്ടി ബെംഗളുരുവിലേക്ക് മാറ്റിയതോടെയായിരുന്നു തൊണ്ടിമുതൽ ചെന്നൈ ആർ ബി ഐയിൽനിന്ന് ബെംഗളുരുവിലെത്തിച്ചത്.2003 മുതൽ ഇതുവരെ കർണാടക ഹൈക്കോടതിയുടെ തൊണ്ടിമുതൽ സൂക്ഷിപ്പ് കേന്ദ്രത്തിൽ അതീവ സുരക്ഷാ വലയത്തിൽ സൂക്ഷിച്ചുപോരുകയായിരുന്നു ഇവ.

തൊണ്ടി മുതലിൽ അവകാശവാദമുന്നയിച്ച് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് സർക്കാർ അന്വേഷണ ഏജൻസികൾ പിടിച്ചെടുക്കുന്ന സ്ഥാവര – ജംഗമ വസ്തുക്കളിൽ അനന്തരാവകാശം സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

കേസ് നടത്തിപ്പിന് കർണാടകയ്ക്ക് ചെലവായ അഞ്ച് കോടി രൂപ ഡിമാൻഡ് ഡ്രാഫ്റ്റായി തമിഴ്‌നാട് നൽകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും പണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കിരൺ ജവുളി പറഞ്ഞു.

Jayalalitha’s properties to be handed over to Tamil Nadu Bengaluru Court orders

More Stories from this section

family-dental
witywide