‘വെജിറ്റേറിയൻ ഭക്ഷണം അടിപൊളി, ഉഷ വാൻസിൽ നിന്ന് ഇന്ത്യൻ ഭക്ഷണത്തിന്റെ ആരാധകനായി’

വാഷിങ്ടൺ: ഇന്ത്യന്‍ ഭക്ഷണസംസ്‌കാരത്തെയും വെജിറ്റേറിയൻ ഭക്ഷണത്തെയും പ്രകീര്‍ത്തിച്ച് അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. സംസ്കരിച്ച മാംസത്തിൽ നിന്ന് തന്നെ പിന്തിരിപ്പിച്ച് വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ആരാധകനാക്കിയത് ഭാര്യ ഉഷ വാന്‍സാണെന്നും അദ്ദേഹം പറഞ്ഞു.

ഡേറ്റിങ് സമയത്ത് ഉഷയ്ക്കായി താന്‍ ഇന്ത്യന്‍ ഭക്ഷണം പാകംചെയ്ത് കൊടുത്തിരുന്നതായും ജെ.ഡി. വാന്‍സ് പറയുന്നു. ജോ റോഗന്‍ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റ് പരിപാടിയായ ‘ദി ജോ റോഗന്‍ എക്‌സ്പീരിയന്‍സ്’ എന്ന പോഡ്കാസ്റ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഇന്ത്യയുടെ ഭക്ഷണസംസ്‌കാരത്തെക്കുറിച്ച് ജെ.ഡി. വാന്‍സ് വാചാലനായത്.

പ്രത്യേകിച്ചും ഇന്ത്യയിലെ സസ്യാഹാര സംസ്‌കാരം തന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുള്ളതായും വാന്‍സ് പരിപാടിയില്‍ പറയുന്നു. പാശ്ചാത്യരാജ്യങ്ങള്‍ സംസ്കരിച്ച ആഹാരസാധനങ്ങളുടെ പുറകെയാണെന്നും ‘അമിതമായി സംസ്‌കരിച്ച മാലിന്യം’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

പച്ചക്കറി കഴിക്കണോ, സസ്യാഹാരിയാകണോ, എങ്കില്‍ ഇന്ത്യന്‍ ഭക്ഷണം കഴിക്കൂ. സസ്യ ഭക്ഷണത്തില്‍ ഇത്രയും വ്യത്യസ്തകളുണ്ടെന്ന് ഞാന്‍ മനസിലാക്കിയത് ഉഷയില്‍നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിലെ വട്‌ലൂരില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഉഷ ചിലകുറി എന്ന ഉഷ വാന്‍സ്.

JD Vance talk about Indian Food