‘കുറിച്ചുവച്ചോളൂ, ജെഡിയു–ബിജെപി സഖ്യം അധികകാലം നീളില്ല’: പ്രശാന്ത് കിഷോർ

പട്ന: ബിഹാറിലെ ജെഡിയു-ബിജെപി സഖ്യം അധികകാലം മുന്നോട്ടുപോകില്ലെന്ന പ്രവചനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. മഹാസഖ്യം ഉപേക്ഷിച്ച് ബിജെപി പിന്തുണയോടെ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ പ്രവചനം.

2025ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു വരെ ഈ സഖ്യം നീണ്ടുനിൽക്കില്ലെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ആറു മാസത്തിനുള്ളിൽ ജെഡിയു–ബിജെപി സഖ്യത്തിൽ മാറ്റങ്ങളുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

“ഞാൻ മറ്റൊരു പ്രവചനം നടത്തുന്നു. തെറ്റാണെന്ന് തെളിയിക്കാൻ പറ്റുമെങ്കിൽ നോക്കിക്കോളൂ. ഇപ്പോൾ രൂപീകരിച്ച സഖ്യം നിയമസഭാ തിരഞ്ഞെടുപ്പ് വരെ നിലനിൽക്കില്ല. വാസ്തവത്തിൽ, ലോക്സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അത് പിരിഞ്ഞേക്കാം,” അദ്ദേഹം പറഞ്ഞു.

“ആർജെഡി നേതാവ് ലാലു പ്രസാദിൻ്റെ കാലത്ത് കോൺഗ്രസ് ചെയ്‌തത് ഇപ്പോൾ ബിജെപി ഇപ്പോൾ ചെയ്യുന്നു. രണ്ട് ദേശീയ പാർട്ടികളും കേന്ദ്ര തലത്തിൽ ചെറിയ നേട്ടങ്ങൾക്കായി ജനപ്രീതിയില്ലാത്ത പ്രാദേശിക നേതാക്കളുമായി ഒത്തുചേർന്നു,” പ്രശാന്ത് കിഷോർ പറഞ്ഞു.

നിതീഷ് ‘പാൽതുറാം’ ആണെങ്കിൽ അക്കാര്യത്തിൽ നരേന്ദ്രമോദിയും അമിത്ഷായും വ്യത്യസ്തരല്ല എന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെന്നും പ്രശാന്ത് കിഷോർ മുന്നറിയിപ്പ് നൽകി. ‘പൽതു റാം’ എന്നാൽ തൻ്റെ നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന ഒരാൾ എന്നാണ് അർത്ഥമാക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ നടത്തിയ അഞ്ച് രാഷ്ട്രീയ അട്ടിമറികളുടെ പശ്ചാത്തലത്തിലാണ്, വിമർശകർ നിതീഷ് കുമാറിനെ ‘പൽതു റാം’ എന്ന് വിളിക്കുന്നത്.

അടുത്ത ബീഹാർ തെരഞ്ഞെടുപ്പിന് മുൻപ് നാടകീയമായ സംഭവവികാസങ്ങൾ സംസ്ഥാനത്ത് നടക്കുമെന്നും നിതീഷ് 20 സീറ്റിലധികം നേടിയാൽ ഞാൻ ജോലി വിടുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

More Stories from this section

family-dental
witywide