
കേരളത്തിലെ സോളർ പീഡന ആരോപണക്കേസുപോലെ അമേരിക്കയിൽ കോളിളക്കം സൃഷ്ടിക്കാവുന്ന ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ജെഫ്രി എപ്സ്റ്റൈൻ ലിസ്റ്റ് എന്നറിയപ്പെടുന്ന സീൽ ചെയ്തു വച്ചിരുന്ന രേഖകളാണ് കോടതി പുറത്തു വിട്ടിരിക്കുന്നത്. ഇതിൽ മുൻ പ്രസിഡൻ്റുമാർ മുതൽ ഗായകരും യൂണിവേഴ്സിറ്റി പ്രഫസർമാരും ഉൾപ്പെടുന്നു.
ആരാണ് ജെഫ്രി എപ്സ്റ്റൈൻ
അമേരിക്കയിലെ വൻകിട പണമിടപാടുകാരനായ ജെഫ്രി എപ്സ്റ്റൈൻ അയാളുമായി ബന്ധപ്പെട്ട ഉന്നത വ്യക്തികൾക്കായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തികൊണ്ടുപോയി കാഴ്ചവച്ചു എന്ന ആരോപണം നേരിടുന്ന വ്യക്തിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയവെ ഇയാൾ ആത്മഹത്യ ചെയ്തു. ഇയാളുടെ പങ്കാളിയും അതേ കുറ്റത്തിന് ജയിൽ വാസം അനുഭവിക്കുകയുംചെയ്യുന്ന ഗിലേയ്ൻ മാക്സ്വെല്ലിൻ്റെ വിചാരണക്കിടെയാണ് അമേരിക്കയിലെ പ്രമുഖ വ്യക്തികളുടെ പേരടങ്ങുന്ന കോടതി രേഖകൾ പുറത്തുവിടുന്നത്.
ഇത്രനാളും സീൽ ചെയത് സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്ന 1000 പേജുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജെഫ്രി എപ്സ്റ്റൈൻ എന്ന വ്യക്തിക്ക് രാഷ്ട്രീയ – സാമൂഹിക- അക്കാദമിക വിഭാഗങ്ങളിലെ ഉന്നത വ്യക്തിത്തങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അയാളെ ചുറ്റിയുണ്ടായിരുന്ന ഇവർക്കായാണ് ഹീനമായ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തതു. വരേണ്യനായ കൂട്ടിക്കൊടുപ്പുകാരൻ്റെ റോളായിരുന്നു ഇയാൾക്ക്.
ഇയാളുടെ മാൻഹാറ്റനിലും പാം ബീച്ചിലും സെൻ്റ് തോമസ് ദ്വീപിലുംഉള്ള വസതികളിൽ വച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ നിരവധി പേർ പീഡിപ്പിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. അതിൽ ഒരു ഇര നൽകിയ കേസിലാണ് ജെഫ്രി എപ്സ്റ്റൈനും അയാളുടെ പങ്കാളി ഗിലേയ്ൻ മാക്സ്വെല്ലിനും കോടതി ശിക്ഷ വിധിച്ചത്. ജയിലിൽ കഴിയവെ എപ്സ്റ്റൈൻ ആത്മഹത്യ ചെയ്തു. 20 വർഷത്തെ ശിക്ഷ ലഭിച്ച ഗിലേയ്ൻ മാക്സ്വെൽ ഇപ്പോഴും ജയിലിലാണ്.
ഈ രേഖകളിൽ അമേരിക്കയിലെ പ്രശസ്തരും അതിപ്രശസ്തരുമായ ഒരുപാട് ആളുകളുടെ പേര് ഉൾപ്പെടുന്നു. അതിൽ കുറ്റവാളികളും ഇരകളും സാക്ഷികളുമുണ്ട്. ബിൽ ക്ലിൻ്റൺ, മൈക്കൽ ജാക്സൺ, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ, മജീഷ്യൻ ഡേവിഡ് കോപ്പർ ഫീൽഡ് , മോഡൽ നവോമി കാംപെൽ, ലിയനാർഡോ ഡികാപ്രിയോ എന്നിവരുടെ എല്ലാം പേരുകളുണ്ട്. കുപ്പി തുറന്നു പുറത്തു വന്ന ഭൂതം ഇനി ആരെയെല്ലാം ഇല്ലാതാക്കുമെന്ന് കണ്ടറിയണം.
Jeffrey Epstein’s list exposes Bill Clinton, Prince Andrew, Michael Jackson, and more














