‘ജെസ്ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല, മരിച്ചതിനും തെളിവില്ല’; സിബിഐ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ജെസ്ന മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും ജെസ്ന മരിച്ചതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കില്ല എന്നും സിബിഐ വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ചിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സിബിഐ റിപ്പോര്‍ട്ട്.

മതപരിവര്‍ത്തനത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മതപരിവര്‍ത്തനകേന്ദ്രങ്ങളിലും സിബിഐ അന്വേഷിച്ചിരുന്നു. കേരളത്തില്‍ പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളിലും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഒരു തെളിവും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ സൂയിസൈഡ് പോയിന്റുകളിലും ആത്മഹത്യ നടക്കാറുള്ള എല്ലാ മേഖലകളിലും അന്വേഷണം നടത്തിയിരുന്നു.

യാതൊരു തെളിവും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നാണ് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. ജസ്നയെ കണ്ടെത്താനായി ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ യെല്ലോ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇന്റര്‍പോളിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ മാത്രമേ ഇനി ജസ്ന തിരോധാനത്തില്‍ അന്വേഷണത്തിന് സാധ്യതയുള്ളൂ എന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide