ജസ്‌ന ജീവിച്ചിരിപ്പില്ല, അജ്ഞാത സുഹൃത്തിനെക്കുറിച്ച് അറിയാം; പിതാവ് കോടതിയില്‍

തിരുവനന്തപുരം: ആറ് വര്‍ഷം മുമ്പ് കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്. മകളുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈവശമുണ്ടെന്നും പിതാവ് ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ അജ്ഞാത സുഹൃത്തിന് പങ്കുണ്ട്. ആ സുഹൃത്ത് അന്വേഷണ സംഘം കണ്ടെത്തിയ സഹപാഠി അല്ല. ജസ്‌ന രഹസ്യമായി എല്ലാ വ്യാഴാഴ്ചയും പ്രാര്‍ത്ഥനയ്ക്ക് പോയിരുന്നു. സിബിഐ രഹസ്യമായി അന്വേഷിക്കുമെങ്കില്‍ ഈ വിവരങ്ങള്‍ കൈമാറാന്‍ തയാറെന്നും പിതാവ് സത്യവാങ്മൂലത്തിൽ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി ആവശ്യപ്പെട്ടു. ജസ്‌നയുടെ പിതാവ് ജെയിംസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. വീട്ടില്‍ നിന്ന് കിട്ടിയ രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ജെയിംസ് ആരോപിച്ചു. എന്നാല്‍ വസ്ത്രം കിട്ടിയില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം. സിബിഐ അന്വേഷണം കാര്യക്ഷമം അല്ലെന്ന് ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ പറയുന്നു. ജസ്നയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണമെത്തിയില്ലെന്നും പിതാവ് പറയുന്നു. എന്നാല്‍ പിതാവിന്റെ ആരോപണങ്ങള്‍ തള്ളിയാണ് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ജസ്നയെ കാണാതായി അഞ്ചു വര്‍ഷം കഴിഞ്ഞാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. ജസ്നക്ക് എന്ത് സംഭവിച്ചുവെന്നറിയാന്‍ കഴിഞ്ഞില്ലെന്നാണ് സിബിഐ റിപ്പോര്‍ട്ട്.

More Stories from this section

family-dental
witywide