
തിരുവനന്തപുരം: വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്നയുടെ തിരോധാനക്കേസ് ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജസ്നയെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്.
കേസിലെ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ ജസ്നയുടെ കുടുംബം തടസഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതാണ് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരിക. ജസ്നയുടെ പിതാവ് ഇന്ന് കോടതിയില്‍ ഹാജരായേക്കും.
ജനുവരിയില്‍ കേസ് പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജസ്ന മരിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന ക്ലോഷര്‍ റിപ്പോര്‍ട്ടും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്‍പ്രകാരം അന്വേഷണം അവസാനിപ്പിക്കണമെന്നാണ് സിബിഐയുടെ വാദം.
Jesna missing case in court today