
ഇടുക്കി: ജസ്‌ന തിരോധാനക്കേസ് പൂര്‍ണ്ണമായി അടഞ്ഞുപോയി എന്ന് കരുതേണ്ടെന്ന് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി. ‘ജസ്‌ന മരീചികയല്ല, സിബിഐ എന്നെങ്കിലും ജസ്‌നയെ കണ്ടെത്തും. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് കണ്ടെത്താന്‍ കഴിയും. ഇപ്പോള്‍ നടക്കുന്നത് കോടതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്ന സാങ്കേതിക പ്രക്രിയ മാത്രമാണെന്നും’ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.
‘ഏതെങ്കിലും ഒരു കേസിന് ഏറെ നാളായി ലീഡ് ലഭിക്കുന്നില്ലെങ്കില്‍ താത്കാലികമായി അവസാനിപ്പിക്കാറുണ്ട്. അതുതന്നെയാണ് ജസ്‌ന കേസിലും സംഭവിക്കുന്നത്. എന്നെങ്കിലും ലീഡ് കിട്ടിയാല്‍ വീണ്ടും അന്വേഷിക്കും. ഇതൊരു കണ്ണി പോലെയാണ്, ഇതില്‍ നിന്ന് എവിടെയെങ്കിലും ഒരു കണ്ണി മിസ് ആയാല്‍ തെളിവ് മാഞ്ഞുപോയേക്കാം. നിരവധി കേസുകള്‍ തെളിയിക്കപ്പെടാതെ കിടപ്പുണ്ട്. ആദ്യം കേസ് ലോക്കല്‍ പൊലീസ് അന്വേഷിച്ചു.
പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ കൊവിഡ് പടര്‍ന്നു. ഇതോടെ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയടച്ചു. കേസില്‍ ലീഡ് ലഭിച്ച ഘട്ടമായിരുന്നു അത്. തമിഴ്‌നാട്ടിലേക്ക് പോയി അന്വേഷിക്കേണ്ടിയിരുന്നു. ലോക്ക്‌ഡൌണ്‍ തുടര്‍ന്നതോടെ സംസ്ഥാനത്തുനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര നിരോധിക്കപ്പെട്ടു. ഇത് കേസന്വേഷണത്തെ ബാധിച്ചു. അപ്പോഴേക്കും ജസ്‌നയുടെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അന്വേഷണം സിബിഐയ്ക്ക് കൈമാറി.
സിബിഐ തന്നോടും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരോടും അന്വേഷണത്തെ കുറിച്ച് ചോദിച്ചിരുന്നു. തങ്ങള്‍ക്ക് ലഭിച്ച ലീഡുകള്‍ കൈമാറിയിരുന്നു. ഇതില്‍ സിബിഐ അന്വേഷിച്ചോ എന്നത് കേസ് ഡയറി പരിശോധിച്ചാല്‍ മാത്രമേ വ്യക്തമാകൂ. ജസ്‌നയെ കണ്ടെത്താനാകാത്തതില്‍ സിബിഐ കുറ്റം പറയാനാകില്ലെന്നും’ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.











