എക്‌സിറ്റ്‌പോളിനെ അട്ടിമറിച്ച ഹരിയാന വിജയം; രാഹുല്‍ ഗാന്ധിക്ക് ജിലേബി കൊടുത്തയച്ച് ബിജെപി, ചര്‍ച്ചയായി ‘മധുര പ്രതികാരം’

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഹരിയാനയില്‍ ഭരണം ഉറപ്പിച്ച ബിജെപി കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്ത്. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനെ ജയം പ്രവചിച്ചിരുന്നെങ്കിലും അട്ടിമറിവിജയമാണ് ബിജെപി നേടിയത്. ഇതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജിലേബി നല്‍കിയാണ് ബിജെപി പരിഹസിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് ഗോഹാനയില്‍ റാലി നടത്തിയപ്പോള്‍ രാഹുലിന്റെ ജിലേബി പരാമര്‍ശം വൈറലായിരുന്നു. ഇതുതന്നെ ആയുധമാക്കി രാഹുല്‍ ഗാന്ധിക്കും ജിലേബി കൊടുത്തയച്ചാണ് ബിജെപിയുടെ പരിഹാസം. ഹരിയാന സംസ്ഥാന നേതൃത്വം ഒരു പെട്ടി ജിലേബി രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് കൊടുത്തയച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ് ഈ നീക്കം.

ഹരിയാന വിജയത്തില്‍ സന്തോഷം പങ്കിട്ട് ബിജെപി അവരുടെ പാര്‍ട്ടി ഓഫീസുകളിലെല്ലാം ജിലേബിയാണ് വിതരണം ചെയ്തത്. രാഹുല്‍ ഗാന്ധിക്ക് ജിലേബി പെട്ടി എത്തിച്ച് നല്‍കിയതായി ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ഫുഡ് ആപ്പിലെ സ്‌ക്രീന്‍ ഷോട്ട് ബിജെപി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ഒരു കിലോ ജിലേബി ഡല്‍ഹിയിലെ കൊണോട്ട്പ്ലേസിലെ പ്രശസ്തമായ ഒരു കടയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് അക്ബര്‍ റോഡിലുള്ള രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് ഡെലിവെര്‍ ചെയ്യാനായി ഏല്‍പ്പിച്ചെന്നുമാണ് ഇതില്‍ കാണിച്ചിരിക്കുന്നത്. എല്ലാ ബിജെപി പ്രവര്‍ത്തകര്‍ക്കും വേണ്ടി ഹരിയാനയിലെ ബിജെപി രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് ജിലേബി കൊടുത്തയച്ചതായും പാര്‍ട്ടി എക്സില്‍ കുറിച്ചു.

നേരത്തെ, രാഹുല്‍ ഗാന്ധി ഒരു പ്രസംഗത്തിനിടെ പ്രശസ്തമായ മാട്ടു റാം ഹല്‍വായിയെ പ്രശംസിച്ചിരുന്നു. ഹരിയാനയിലെ പ്രശസ്തമായ പലഹാര കടയാണിത്. ഇത്രയും പ്രശസ്തമായ ജിലേബി രാജ്യത്താകെ വില്‍ക്കേണ്ടതാണെന്നും കയറ്റുമതി പോലും ചെയ്യേണ്ടതാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഒരു ഫാക്ടറിയില്‍ വലിയ അളവില്‍ ഇവ ഉണ്ടാക്കേണ്ടതാണെന്നും, അതിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതാണ് ഹരിയാനയില്‍ വിജയിച്ച ഉടനെ, രാഹുലിന് ജിലേബി എത്തിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. ഇതിന് പിന്നാലെ രാഹുലിനെതിരെയും ബിജെപിക്കെതിരെയും ട്രോളുകളും വന്നിരുന്നു.

More Stories from this section

family-dental
witywide