
വാഷിങ്ടൺ: തടവുകാരെ കൈമാറ്റം ചെയ്യാനുള്ള കരാറിന്റെ ഭാഗമായി റഷ്യ മോചിപ്പിച്ച അമേരിക്കൻ പത്രപ്രവർത്തകനായ ഇവാൻ ഗെർഷ്‌കോവിച്ചും മുൻ യുഎസ് മറൈൻ പോൾ വീലനും യുഎസിൽ തിരിച്ചെത്തി. ഇരുവരെയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. വ്യാഴാഴ്‌ച 26 തടവുകാരെയാണ് റഷ്യ മോചിപ്പിച്ചത്.
റഷ്യയിലെ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടറായ ഗെർഷ്കോവിച്ച് 2023 മാർച്ചിൽ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. 16 വർഷം തടവിനാണ് റഷ്യ ശിക്ഷിച്ചത്. മിഷിഗണിൽ നിന്നുള്ള കോർപ്പറേറ്റ് സെക്യൂരിറ്റി എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന മുൻ മറൈൻ വീലനെ 2018 ൽ മോസ്കോയിൽ തടവിലിടുകയും ചാരവൃത്തി ആരോപിച്ച് ശിക്ഷിക്കുകയും ചെയ്തു.

റഷ്യയും അമേരിക്കയും തമ്മിലുള്ള സോവിയറ്റിനു ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റമാണ് തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്നത്. യുഎസിനും റഷ്യയ്ക്കും പുറമേ, ജർമ്മനി, പോളണ്ട്, സ്ലോവേനിയ, നോർവേ, ബെലാറസ് എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമായിരുന്നു. തുർക്കി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ 10 തടവുകാരെ റഷ്യയിലേക്കും 13 പേരെ ജർമ്മനിയിലേക്കും മൂന്ന് പേരെ അമേരിക്കയിലേക്കും മാറ്റി.