
വാഷിംഗ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനുമെതിരായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് തള്ളി അമേരിക്ക. ഐസിസിയുടെ തീരുമാനം അമേരിക്ക അംഗീകരിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂട്ടറുടെ തിടുക്കത്തിലും ഈ തീരുമാനത്തിലേക്ക് നയിച്ച പ്രശ്‌നകരമായ പ്രക്രിയയിലെ പിശകുകളിലും വളരെയധികം ആശങ്കയുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈ വിഷയം ഐസിസിയുടെ അധികാരപരിധിയില്‍ പെട്ടതല്ല എന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും” ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്സ് ഇസ്രായേലിന് പിന്തുണ അറിയിക്കുകയും “ജനുവരിയില്‍ ഐസിസിയുടെയും യുഎന്നിൻ്റെയും യഹൂദവിരുദ്ധ പക്ഷപാതത്തിനെതിരെ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഐസിസിക്ക് വിശ്വാസ്യതയില്ലെന്നും ഇസ്രായേല്‍ തങ്ങളുടെ ജനങ്ങളെയും അതിർത്തികളെയും നിയമപരമായി സംരക്ഷിച്ചുവെന്നും വാള്‍ട്ട്സ് കൂട്ടിച്ചേർത്തു.
എന്നാല്‍ അറസ്റ്റ് വാറണ്ട് കോടതിയുടെ ചട്ടങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. എന്നാല്‍ രാജ്യത്ത് പ്രവേശിച്ചാല്‍ നെതന്യാഹുവിനെയോ ഗാലൻ്റിനെയോ അറസ്റ്റ് ചെയ്യുമോ എന്ന് പറയാൻ വിസമ്മതിച്ചു. ഫ്രാൻസ് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമോ എന്ന് വാർത്താ സമ്മേളനത്തിനിടെ ചോദിച്ചപ്പോള്‍, ഇത് നിയമപരമായി സങ്കീർണ്ണമായ ചോദ്യമാണെന്ന് ക്രിസ്റ്റോഫ് ലെമോയിന്‍റെ പ്രതികരണം. നെതർലൻഡ്‌സില്‍ പ്രവേശിക്കാൻ ശ്രമിച്ചാല്‍ നെതന്യാഹുവിനെയും ഗാലൻ്റിനെയും അറസ്റ്റ് ചെയ്യുമെന്ന് ഡച്ച് വിദേശകാര്യ മന്ത്രി കാസ്‌പർ വെല്‍ഡ്‌കാമ്ബ് പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായി നെതർലൻഡ് പൂർണമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.