
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് 2021 ല്‍ സൈനികരെ പൂര്‍ണമായും പിന്‍വലിച്ച പ്രസിഡന്റ് ജോ ബൈഡന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന നിര്‍ണായക റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ യുഎസ് ജനപ്രതിനിധിസഭയിലെ റിപ്പബ്ലിക്കന്‍മാര്‍ ഒരുങ്ങുന്നു. ദീര്‍ഘകാലമായി കാത്തിരുന്ന റിപ്പോര്‍ട്ട് ഇന്നുതന്നെ പുറത്തിറക്കാനാണ് നീക്കം. 2021 ലെ ബൈഡന്റെ തീരുമാനം ‘ആഗോള തലത്തിൽ അമേരിക്കയുടെ വിശ്വാസ്യതയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു’ എന്നാണ് റിപ്പോർട്ടിലെ പ്രധാന വിമർശനം.
ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയുടെ റിപ്പബ്ലിക്കന്‍ ചെയര്‍മാന്‍ പ്രതിനിധി മൈക്കല്‍ മക്കോളിന്റെ നേതൃത്വത്തിലുള്ള മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന്റെ ഫലമായ ഈ റിപ്പോര്‍ട്ട്, പോരാളികളല്ലാത്തവരെ ഒഴിപ്പിക്കാനുള്ള തീരുമാനം വൈകിയതടക്കം നിരവധി കാര്യങ്ങളില്‍ ബൈഡന്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നു.