
വെസ്റ്റ് പോയിന്റ് ( ന്യൂയോർക്ക്): യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാദമിയിൽ നടന്ന ബിരുദദാന ചടങ്ങിലാണ് ജനാധിപത്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ സംസാരിച്ചത്.
ബിരുദം നേടിയ 1000 യു.എസ് ആര്‍മി ഓഫീസര്‍മാരെ “അമേരിക്കൻ ജനാധിപത്യത്തിന്റെ കാവൽക്കാർ” എന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യം നിലനിർത്തുന്നതിന് “നിരന്തര ജാഗ്രത” ആവശ്യമാണെന്നും പ്രസംഗത്തില്‍ ബൈഡന്‍ ഓര്‍മ്മിപ്പിച്ചു. ഓരോ പട്ടാള ഉദ്യോഗസ്ഥനും എടുക്കുന്ന പ്രതിജ്ഞ ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിക്ക് വേണ്ടിയോ, പ്രസിഡന്റിന് വേണ്ടിയോ ആകരുത്. മറിച്ച് അമേരിക്കന്‍ ഭരണഘടന സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ശത്രുക്കളെ ഉന്മൂലം ചെയ്യാനും ആയിരിക്കണമെന്ന് ബൈഡന്‍ പറഞ്ഞു.
പേര് പറഞ്ഞില്ലെങ്കിലും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുള്ള അതിശക്തമായ ആക്രമണമാണ് ജോ ബൈഡന്‍ മിലിട്ടറി അക്കാദമിയില്‍ നടത്തിയത്. അമേരിക്കന്‍ ജനാധിപത്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭീഷണികളെയാണ് ഇന്ന് നേരിടുന്നത്.
ജനാധിപത്യത്തില്‍ ഒന്നും ശാശ്വതമല്ല. ഓരോ കാലത്തും വിമര്‍ശനങ്ങളും ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. ജനാധിപത്യം സംരക്ഷിക്കാനുള്ള ശക്തമായ മുന്നേറ്റങ്ങളും ഉണ്ടായി. ഇപ്പോള്‍ നിങ്ങളടെ അവസരമാണെന്ന് യു.എസ് ആര്‍മിയിലേക്ക് എത്തുന്ന പുതിയ ഉദ്യോഗസ്ഥരോടായി ബൈഡന്‍ പറഞ്ഞു. സ്വാതന്ത്ര്യവും അവകാശവും ഉറപ്പുനല്‍കുന്നവരെ കണ്ടെത്താനും തെരഞ്ഞെടുക്കാനും ഉള്ള തീരുമാനമാണ് വേണ്ടത്.
അധികാരത്തിലെത്തിയാല്‍ രാഷ്ട്രീയ എതിരാളികളെ ജയിലിലടക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനവും ബൈഡന്‍ ചൂണ്ടിക്കാട്ടി. ഒപ്പം വൈറ്റ് ഹൗസിലേക്ക് നടന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ രീതിയും ജോര്‍ജ് ഫ്ളോഡിയ്ഡിന്റെ കൊലപാതകവുമൊക്കെ ബൈഡന്‍ പരാമര്‍ശിച്ചു.
റഷ്യയുടെ ഭീഷണി നേരിടുന്ന യുക്രെയിന് വേണ്ടി ശക്തമായ നിലകൊള്ളുമെന്ന് പറഞ്ഞ ബൈഡന്‍ ഗാസയിലെ മാനുഷിക പ്രതിസന്ധിയും നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന ആഗോള വെല്ലുവിളികളും വിശദീകരിച്ചു.
സിറ്റിംഗ് പ്രസിഡന്റ് സാധാരണയായി ഓരോ ബിരുദ സീസണിലും യുഎസ് മിലിട്ടറി അക്കാദമികളിലൊന്നിൽ പ്രസംഗിക്കാറുണ്ട്. അധികാരമേറ്റതിനുശേഷം, കോസ്റ്റ് ഗാർഡ്, നേവി, എയർഫോഴ്സ് ബിരുദദാന ചടങ്ങുകളിൽ ബൈഡൻ പങ്കെടുത്തിരുന്നു.
വാര്‍ത്ത – പി.പി.ചെറിയാന്‍