
വാഷിംഗ്ടണ്‍: തന്റെ ഓര്‍മ്മയ്ക്ക് തകരാറൊന്നും ഇല്ലെന്നും താന്‍ ഇപ്പോഴും കാര്യങ്ങള്‍ പൂര്‍ണബോധ്യത്തോടെയാണ് ചെയ്യുന്നതെന്നും വാര്‍ത്താ സമ്മേളനത്തിനിടെ വ്യക്തമാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കിട്ടിയത് എട്ടിന്റെ പണി.
ഗാസയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യം പത്രസമ്മേളനത്തിനിടെ ബൈഡനെ ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു. സംസാരത്തിനിടെ മെക്‌സിക്കോയുടെയും ഈജിപ്തിന്റെയും നേതാക്കളെ തമ്മില്‍ മാറിപ്പോകുകയും അങ്ങനെ തനിക്ക് ഓര്‍മ്മക്കുറവില്ലെന്ന് പറഞ്ഞ വാര്‍ത്താ സമ്മേളനം ബൈഡനുതന്നെ പാരയാകുകയും ചെയ്തു. ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെ ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസിയെ മെക്സിക്കന്‍ പ്രസിഡന്റെന്ന് പറഞ്ഞാണ് ബൈഡന്‍ സംസാരിച്ചത്. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വൈസ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി കഴിഞ്ഞിട്ടും രഹസ്യരേഖകള്‍ കൈവശം വെച്ചതില്‍ ബൈഡന് തെറ്റുപറ്റിയെന്ന് നീതിന്യായ വകുപ്പ് കണ്ടെത്തുകയും തുടര്‍ന്ന് പ്രായാധിക്യം കൊണ്ടുള്ള ഓര്‍മ്മക്കുറവിന്റെ പ്രശ്‌നമാണെന്നുള്ള പരിഗണനയില്‍ കുറ്റം ചുമത്താതെ വിടുകയും ചെയ്തിരുന്നു.
എന്നാലിത് അംഗീകരിക്കാന്‍ തയ്യാറാകാതെ തന്റെ ഓര്‍മ്മയ്ക്ക് തകരാറൊന്നും ഇല്ലെന്ന് ബൈഡന്‍ മാധ്യമങ്ങളോട് തട്ടിവിടുകയായിരുന്നു. തന്റെ ഓര്‍മ്മയെക്കുറിച്ച് പ്രത്യേക കൗണ്‍സിലിന്റെ ചില വാദങ്ങള്‍ തെറ്റാണെന്നും കൂടാതെ രഹസ്യരേഖകളൊന്നും താന്‍ മനഃപൂര്‍വം കൈവശം വെച്ചിട്ടില്ലെന്നും വ്യക്തമാക്കി. തുടര്‍ന്നുള്ള സംസാരത്തിനിടെയാണ് ഗാസയെപ്പറ്റിയുള്ള ചോദ്യം വരുന്നതും നാവു പിഴച്ചതും.