
വാഷിങ്ടൺ: നികുതിവെട്ടിപ്പ് കേസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ ഔദ്യോഗിക കുറ്റസമ്മതം നടത്തി. 17 വർഷം വരെ ജയിൽ ശിക്ഷയും ഒരു മില്യൺ ഡോളർ പിഴയും ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ഹണ്ടർ ബൈഡനെതിരെ ചുമത്തിയിരിക്കുന്നത്. ഡിസംബർ 16ന് കോടതി അന്തിമ വിധി പ്രഖ്യാപിക്കും.
കഴിഞ്ഞ പത്തുവർഷത്തിനിടെ 1.4 മില്യൺ ഡോളർ നികുതി അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയടുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളിലും 54 കാരനായ ഹണ്ടർ കുറ്റം സമ്മതിച്ചു. നികുതി അടയ്ക്കേണ്ട പണം ആഡംബര ജീവിതത്തിനും, ലൈംഗികതൊഴിലാളികൾക്കും, മയക്കുമരുന്ന് ഉപയോഗത്തിനുമായാണ് ഹണ്ടർ ചെലവാക്കിയതെന്നും പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.
നവംബറിൽ യുഎസ് തിരഞ്ഞെടുപ്പ് നടക്കാനിക്കെ, ഡെമോക്രാറ്റിക് പാർട്ടിയെ വെട്ടിലാക്കുന്ന തീരുമാനമാണ് ഹണ്ടർ ബൈഡന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. അഞ്ച് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ഹണ്ടർ ബൈഡൻ നടത്തിയ കുറ്റസമ്മതം അമേരിക്കൻ ജനതയെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചിരിക്കുകയാണ്.
നികുതിവെട്ടിപ്പിന് പുറമെ, പിതാവിന്റെ പേരുപയോഗിച്ച് വലിയ ലാഭത്തിൽ വിദേശത്തുനിന്നും പല കൺസൾട്ടിങ് കോണ്ട്രാക്ടുകളും നേടിയെടുത്തു എന്ന ആരോപണവും ഹണ്ടറിനെതിരെ ഉണ്ട്. തന്റെ മോശമായ ഒരുകാലഘട്ടത്തിന്റെ പേരിൽ ബൈഡൻ കുടുംബത്തിന്റെ സമയം പാഴാക്കാനില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹണ്ടർ കുറ്റസമ്മതം നടത്തിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു.
“ഞാൻ എൻ്റെ കുടുംബത്തെ കൂടുതൽ വേദനകളിലേക്കും കൂടുതൽ സ്വകാര്യത ലംഘനങ്ങളിലേക്കും അനാവശ്യമായ നാണക്കേടിനും വിധേയമാക്കില്ല,” യുഎസ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ഹണ്ടർ ബൈഡൻ പറഞ്ഞു.
ഇതിനു പുറമെ, ഹണ്ടറിനെതിരെ തോക്കുകൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ക്രിമിനൽ കുറ്റങ്ങളും നിലനിൽക്കുന്നുണ്ട്. 2018 ൽ തോക്ക് വ്യാപാരിയെ കബളിപ്പിച്ച് തോക്ക് വാങ്ങി എന്നതാണ് പ്രധാന ആരോപണം. തോക്ക് വാങ്ങിയപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ഹണ്ടര്‍ എഴുതി നല്‍കിയിരുന്നു. എന്നാൽ, മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന സമയത്ത് തോക്ക് വാങ്ങിയെന്നാണ് കേസ്. തോക്ക് ലൈസൻസിനായുള്ള അപേക്ഷയിൽ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു, തോക്ക് ലഭിക്കുന്നതിനായി ഫെഡറൽ സർക്കാരുമായി ഒപ്പിട്ട കരാറിൽ തെറ്റായ വിവരങ്ങൾ നൽകി, അനധികൃതമായി ആയുധം കൈവശംവച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
അമേരിക്കൻ പ്രസിഡന്റിന്റെ പൊതുമാപ്പ് അധികാരം ഉപയോഗിച്ച് തൻ്റെ മകന് മാപ്പ് നൽകാൻ ജോ ബൈഡന് കഴിയും. എന്നാൽ താൻ അങ്ങനെ ചെയ്യില്ലെന്ന് നേരത്തെ തന്നെ അദ്ദേഹം പറഞ്ഞിരുന്നു.