
വാഷിങ്ടൺ: മുൻ യുഎസ് സെനറ്ററും വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ജോ ലിബർമാൻ (82) അന്തരിച്ചു. വീഴ്ചയിൽ നിന്നുള്ള സങ്കീർണതകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയിൽ അറിയിച്ചു. വെള്ളിയാഴ്ച ലിബർമാന്റെ നാടായ സ്റ്റാംഫോർഡിൽ സംസ്കാര ശുശ്രൂഷ നടത്തും.
ഏകദേശം കാൽ നൂറ്റാണ്ടോളം ലിബർമാൻ സെനറ്റിൽ കണക്റ്റിക്കട്ട് സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. ക്ലിന്റന്റെ വൈസ് പ്രസിഡന്റ് ആൽ ഗോർ അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായപ്പോൾ ലിബർമാനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തിരഞ്ഞെടുത്തു. 2000-ൽ ഒരു പ്രധാന പാർട്ടി യുഎസ് പ്രസിഡൻ്റ് ടിക്കറ്റിൽ ചേരുന്ന ആദ്യത്തെ ജൂതനായി ലിബർമാൻ മാറി
“ലിബർമാന്റെ പെട്ടെന്നുള്ള നിര്യാണം കണക്ടിക്കട്ടിനെ ഞെട്ടിച്ചു. തനിക്കു ശരിയെന്നു ഉറപ്പുള്ള കാര്യങ്ങൾക്കു വേണ്ടി പൊരുതി ജയിച്ച നേതാവാണ് അദ്ദേഹം. സ്വഭാവ ഭദ്രതയും വിശ്വാസവുമുള്ള നേതാവായിരുന്നു,” അദ്ദേഹത്തിന്റെ പിൻഗാമിയായ സെനറ്റർ ക്രിസ് മർഫി പറഞ്ഞു.
സെനറ്റ് വിട്ട ശേഷം ന്യൂ യോർക്കിൽ കസോവിറ്സ് ബെൻസൺ ടോറസ് സ്ഥാപനത്തിൽ സീനിയർ കൗൺസൽ ആയി പ്രവർത്തിച്ചു വരികയായിരുന്നു ലിബർമാൻ.













