
ഹൂസ്റ്റണ്‍: പ്രമുഖ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ പാസ്റ്റര്‍ ജോയല്‍ ഓസ്റ്റീന്‍ നടത്തുന്ന ലക്വുഡ് ചര്‍ച്ചിനുള്ളില്‍ ഫെബ്രുവരി 11ന് നടന്ന വെടിവയ്പിന്റെ ഗ്രാഫിക് സെക്യൂരിറ്റിയും പോലീസ് ബോഡി ക്യാമറ ദൃശ്യങ്ങളും ഹൂസ്റ്റണ്‍ അധികൃതര്‍ പുറത്തുവിട്ടു.
സംശയാസ്പദമായ ജെനെസ് ഇവോനെ മൊറേനോ എന്ന സ്ത്രീ തന്റെ 7 വയസ്സുള്ള മകന്റെ കൈയ്യും പിടിച്ച് ആരാധനാലയത്തിലേക്ക് നടന്ന് ആക്രമണം നടത്തുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ദൃശ്യങ്ങളില്‍ ബോഡി ക്യാമറയില്‍ നിന്നുള്ളതും സെക്യൂരിറ്റി ക്യാമറയില്‍ നിന്നുള്ളതും ഉള്‍പ്പെടുന്നു. അക്രമിയായ സ്ത്രീയുടെ കൈയില്‍ ഒരു റൈഫിളും ഒരു ബാഗിലാക്കിയ നിലയില്‍ മറ്റൊരു റൈഫിളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
മൊറേനോയും മകനും പള്ളി ലോബിയില്‍ കയറി ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പ്രവേശന കവാടങ്ങള്‍ പൂട്ടിയിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൊറേനോ തന്റെ ആയുധവും മകനുമായി ഹാളുകളിലൂടെ പള്ളിയില്‍ പ്രവേശിച്ചയുടന്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങുകയായിരുന്നു. ഭയന്ന ആളുകള്‍ പള്ളിയില്‍ നിന്നും രക്ഷപെടാന്‍ ഓടുന്നത് വീഡിയോയില്‍ കാണാം. അതേസമയം, പള്ളിയുടെ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന ഓഫ് ഡ്യൂട്ടി ഹൂസ്റ്റണ്‍ പോലീസ് ഉദ്യോഗസ്ഥന്‍ സ്ത്രീക്കു നേരെ വെടിവയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു വെടിയേറ്റ മൊറേനോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തലയ്ക്ക് വെടിയേറ്റ മകനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താന്‍ പള്ളിയില്‍ സ്ഫോടനം നടത്താന്‍ പോകുകയാണെന്നും തന്റെ ബാഗില്‍ ബോംബുണ്ടെന്നും മൊറേനോ ആക്രോശിക്കുന്നത് കേള്‍ക്കാം. ആയുധം താഴെവയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടും കേള്‍ക്കാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്നാണ് മൊറേനോയ്ക്ക് നേരെ വെടി ഉതിര്‍ത്തത്. ഇവരുടെ ശരീരത്തുണ്ടായിരുന്ന ബോഡി ക്യാമറയില്‍ എല്ലാ ദൃശ്യങ്ങളും സംഭാഷണങ്ങളും പതിഞ്ഞിരുന്നു. ആക്രമണത്തിന്‍െ ലക്ഷ്യം എന്താണെന്നത് ഇപ്പോഴും വ്യക്തമല്ലെന്നും, അക്രമിക്ക് മാനസിക മാനസികാരോഗ്യ പ്രശ്നങ്ങളും ക്രിമിനല്‍ റെക്കോര്‍ഡും ഉണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.