ജോൺ പിൽഗർ എന്ന ഇതിഹാസ പത്രപ്രവർത്തകൻ വിടവാങ്ങി

ഇസ്രയേൽ വിമര്‍ശകന്‍, , ബ്രിട്ടന്റെയും അമേരിക്കയുടെയും വിദേശനയങ്ങളെ എതിര്‍ക്കുന്നയാള്‍, കംബോഡിയയിലെ വംശഹത്യയുടെ തീവ്രത പുറംലോകത്തെ അറിയിച്ച റിപ്പോര്‍ട്ടര്‍ … അന്താരാഷ്ട്ര തലത്തില്‍ ഉത്തരവാദിത്തത്തോടെ ഇടപെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെയാണ് ജോണ്‍ പില്‍ഗറിന്റെ വിയോഗം കൊണ്ട് നഷ്ടമായിരിക്കുന്നത്. ആക്റ്റിവിസ്റ്റും ഡോക്യുമെന്ററി നിര്‍മാതാവും കൂടിയായ ജോണ്‍ പില്‍ഗര്‍ . 84 വയസ്സായിരുന്നു.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടിയിലായിരുന്നു പില്‍ഗറിന്റെ ജനനം. സിഡ്‌നി സ്‌കൂളിലായിരുന്നു പില്‍ഗര്‍ തന്റെ ആദ്യത്തെ പത്രം പുറത്തിറക്കിയത്. പിന്നീട് ഓസ്‌ട്രേലിയന്‍ കണ്‍സോലിഡേറ്റഡ് പ്രസ്സില്‍ നാല് വര്‍ഷം ജോലി ചെയ്തു.

പില്‍ഗറും രണ്ട് സഹപ്രവര്‍ത്തകരും 1960കളുടെ തുടക്കത്തില്‍ തന്നെ യൂറോപ്പിലേക്ക് ചേക്കേറി. 1962ന് ശേഷം അദ്ദേഹം പ്രധാനമായും ചെലഴിച്ചത് ലണ്ടനിലായിരുന്നു. ഇറ്റലിയില്‍ പില്‍ഗര്‍ ഫ്രീലാന്‍സ് ഏജന്‍സി സ്ഥാപിച്ചിരുന്നു. എന്നാല്‍ അത് പെട്ടെന്ന് തന്നെ തകർന്നു. ലണ്ടനിലെത്തിയപ്പോള്‍ പില്‍ഗര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലും തുടര്‍ന്ന് ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഡെയ്‌ലി മിറര്‍ എന്ന പത്രത്തിലും പ്രവര്‍ത്തിച്ചു.

മുഖ്യ വിദേശ കറസ്‌പോണ്ടന്റായ പില്‍ഗര്‍ വിയറ്റ്‌നാം യുദ്ധവും കംബോഡിയയിലെ വംശഹത്യയും ഉള്‍പ്പെടെയുള്ള ലോകത്തെ പിടിച്ചുകുലുക്കിയ നിരവധി സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

1960കളിലും 1970കളിലും അമേരിക്കയിലെ നിരവധി പ്രക്ഷോഭങ്ങളും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ വധത്തെത്തുടര്‍ന്ന് അമേരിക്കയിലെ പാവങ്ങളോടൊപ്പം അലബാമയില്‍നിന്ന് വാഷിങ്ടണിലേക്ക് അദ്ദേഹം മാര്‍ച്ച് ചെയ്തിട്ടുണ്ട്. 1968ല്‍ യു എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ റോബര്‍ട്ട് എഫ് കെന്നഡി കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ തൊട്ടടുത്തുണ്ടായിരുന്നു പില്‍ഗര്‍. പോള്‍ പോട്ടിന്റെ ഭരണത്തിനുശേഷമുള്ള കംബോഡിയയില്‍നിന്ന് വംശഹത്യ വെളിവാക്കുന്ന പിൽഗറിന്റെ നിരവധി എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകൾ പുറത്തുവന്നു.

പിൽഗറുടെ മിറര്‍ റിപ്പോര്‍ട്ടുകളും തുടര്‍ന്നുള്ള ഡോക്യുമെന്ററിയായ ‘ഇയര്‍ സീറോ: ദി സൈലന്റ് ഡെത്ത് ഓഫ് കംബോഡിയ’യുടെയും സ്വാധീനത്താല്‍ ആ രാജ്യത്തെ ജനങ്ങള്‍ക്കായി ഏകദേശം 500 ലക്ഷം ഡോളര്‍ സമാഹരിക്കാന്‍ സാധിച്ചു. സമാനമായി രീതിയില്‍ 1994ലെ അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയും കിഴക്കന്‍ ടിമോറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും പിന്നീട് ഇന്തോനേഷ്യയുടെ അധീനതയിലായിരുന്ന കിഴക്കന്‍ ടിമോറികള്‍ക്ക് പിന്തുണ വര്‍ധിപ്പിക്കാന്‍ സഹായിച്ചു.ഗാസയിലെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടിലൂടെ ശബ്ദുമുയർത്തിക്കൊണ്ടിരുന്നു .