
ഓസ്കർ പുരസ്കാര ജേതാവും ടൈറ്റാനിക്, അവതാർ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവുമായ ജോൺ ലാൻഡോ (63) അന്തരിച്ചു. കഴിഞ്ഞ ഒരു വർഷത്തോളമായി അർബുദബാധിതനായിരുന്നു. ജോൺ ലാൻഡോയുടെ സഹോദരി ടീനയാണ് മരണ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ജെയിംസ് കാമറൂണിൻ്റെ ദീർഘകാല സിനിമാ നിർമാണ പങ്കാളിയായിരുന്നു. “എനിക്ക് നഷ്ടപ്പെട്ടത് ഒരു പ്രിയ സുഹൃത്തിനെയും 31 വർഷമായുള്ള എൻ്റെ ഏറ്റവും അടുത്ത സഹയാത്രികനെയുമാണ്. എൻ്റെ ഒരു ഭാഗം മുറിഞ്ഞു പോയിരിക്കുന്ന പോലെ തോന്നുന്നു,” എന്ന് സുഹൃത്തും സംവിധായകനുമായ ജയിംസ് കാമറൂൺ വെറെെറ്റിയോട് പറഞ്ഞു. സംവിധായകൻ ജെയിംസ് കാമറൂണുമൊന്നിച്ചാണ് ലാൻഡോ ലോകസിനിമയിലെ തന്നെ രണ്ട് വമ്പൻ ചിത്രങ്ങളായ ടൈറ്റാനിക്കും അവതാറും നിർമിച്ചത്.
“അദ്ദേഹത്തിൻ്റെ നിഷ്കളങ്കമായ നർമ്മം, വ്യക്തിപരമായ ആകർഷണീയത, തീക്ഷ്ണത തുടങ്ങിയവ നമ്മുടെ അവതാർ പ്രപഞ്ചത്തിൻ്റെ കേന്ദ്രബിന്ദുവായി ഏകദേശം രണ്ട് പതിറ്റാണ്ടുകളായി നിലകൊള്ളും. അദ്ദേഹത്തിൻ്റെ പൈതൃകം അദ്ദേഹം നിർമ്മിച്ച സിനിമകൾ മാത്രമല്ല, അദ്ദേഹം സ്ഥാപിച്ച വ്യക്തിപരമായ മാതൃകയാണ്,” കാമറൂൺ പറഞ്ഞു.
1997-ൽ ജയിംസ് കാമറൂണിന്റെ സംവിധാനത്തിൽ ജോൺ ലാൻഡോ നിർമിച്ച ‘ടൈറ്റാനിക്’ ആഗോള ബോക്‌സ് ഓഫീസ് ചരിത്രത്തിലെ ഒരു ബില്യൺ ഡോളർ കടന്ന ആദ്യ ചിത്രമായിരുന്നു. ശേഷം 2009 ൽ പുറത്തു വന്ന ‘അവതാർ’, 2022-ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗം ‘അവതാർ: ദി വേ ഓഫ് വാട്ടർ’ തുടങ്ങിയ ചിത്രങ്ങളും ഇരുവരും ഒന്നിച്ചാണ് ചെയ്തത്. രണ്ട് ചിത്രങ്ങളുംടൈറ്റാനിക്കിൻ്റെ റെക്കോർഡ് ഭേദിച്ച് ആഗോള ബോക്സ് ഓഫീസിൽ മുന്നിൽ എത്തിയിരുന്നു.