
കണ്ണൂര്‍: കേരളത്തിലെ ക്രൈസ്തവ സഭയെ ബിജെപി പക്ഷത്താക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം കുറച്ച് നാളായി ചില കമ്യൂണിസ്റ്റ് നേതാക്കള്‍ നടത്തുന്നുണ്ടെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. രാഷ്ട്രീയ പാര്‍ട്ടി നേതാവെന്ന നിലയിലല്ല, മുഖ്യമന്ത്രി വിളിച്ചതുകൊണ്ടാണ് നവകേരള സദസ്സില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വസതിയില്‍ പോയതും ഇതേ രീതിയിലാണ്. അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും പാംപ്ലാനി വ്യക്തമാക്കി.
ബിഷപ്പുമാര്‍ക്കെതിരായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ ഒന്നാകെ വേദനിപ്പിച്ചുവെന്നും പാംപ്ലാനി പറഞ്ഞു. ക്രൈസ്തവ സമൂഹത്തെ ആകെ അപമാനിച്ച പ്രസ്താവന ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം മറന്നുവെന്നുമായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.










