ഒടുവിൽ ജൂലിയൻ അസാൻജ് പുറത്തേക്ക്; ബ്രിട്ടനിലെ ജയിലിൽ നിന്ന് മോചിതനായി; ബുധനാഴ്ച യുഎസിൽ ഹാജരാകണം

വാഷിങ്ടൺ: വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോചിതനായി. യുഎസിൻ്റെ സൈനിക രഹസ്യങ്ങൾ വെളിപ്പെടുത്തിയെന്ന് യുഎസ് കോടതിയിൽ കുറ്റസമ്മതം നടത്താൻ സമ്മതിച്ചതിനെ തുടർന്നാണ് ജൂലിയൻ അസാൻജിന് ജാമ്യം അനുവദിച്ചത്. ബ്രിട്ടനിലെ ജയിലിലായിരുന്നു അദ്ദേഹം. “ജൂലിയൻ അസാൻജ് സ്വതന്ത്രനായി” എന്നും രാജ്യം വിട്ടെന്നും ബ്രിട്ടീഷ് സമയം ചൊവ്വാഴ്ച പുലർച്ചെ വിക്കിലീക്സ് റിപ്പോർട്ട് ചെയ്തു.

അഞ്ചു വർഷത്തോളമാണ് ജൂലിയൻ അസാന്‍ജ് ബ്രിട്ടനിൽ ജയിലി‍ൽ കഴിഞ്ഞത്. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയതായിരുന്നു അദ്ദേഹത്തിനു മേൽ ചുമത്തിയ കുറ്റം. അദ്ദേഹത്തെ അമേരിക്കയിലേക്ക് വിട്ടു നൽകണമെന്ന് ബ്രിട്ടനോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനെതിരെ അസാൻജ് ബ്രിട്ടനിൽ കേസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഓസ്ട്രേലിയൻ പൌരനാണ് അസാൻജ്.

ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങളെക്കുറിച്ചുള്ള യുഎസ് സൈനിക രഹസ്യങ്ങൾ വെളിപ്പെടുത്തിയതിന് അസാൻജിനെ വിചാരണ ചെയ്യണമെന്നാണ് യുഎസ് അധികാരികളുടെ ആവശ്യം.

പസഫിക്കിലെ യുഎസ് പ്രദേശമായ നോർത്തേൺ മരിയാന ഐലൻഡ് കോടതിയിൽ ബുധനാഴ്ച അസാൻജ് ഹാജരാകണം. യുഎസിൻ്റെ പ്രതിരോധ വിവരങ്ങൾ കൈവശപ്പെടുത്താനും പ്രചരിപ്പിക്കാനുമുള്ള ഗൂഢാലോചന നടത്തിയെന്ന കേസിൽ കുറ്റസമ്മതം നടത്തണം.

62 മാസമാണ് അദ്ദേഹം ജയിൽ ശിക്ഷ അനുഭവിക്കേണ്ടത്. എന്നാൽ ബ്രിട്ടനിൽ അഞ്ചുവർഷത്തെ ജയിൽ ശിക്ഷ കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന് ഇനി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. തൻ്റെ ജന്മനാടായ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.

അസാൻജ് തലവനായ വിക്കിലീക്‌സ് വെബ്സൈറ്റ് 2010 മുതൽ ലക്ഷക്കണക്കിന് യുഎസ് രഹസ്യരേഖകൾ പ്രസിദ്ധീകരിച്ചുവെന്നതാണ് ജൂലിയൻ അസാൻജിനെതിരായ കേസ്. ലോകമെമ്പാടുമുള്ള അഭിപ്രായ സ്വാതന്ത്ര്യ പ്രചാരകർക്ക് അസാൻജ് ഒരു ഹീറോയാണ്. രഹസ്യങ്ങൾ വെളിപ്പെടുത്തി യുഎസ് ദേശീയ സുരക്ഷയെയും രഹസ്യാന്വേഷണ സ്രോതസ്സുകളെയും അപകടത്തിലാക്കുമെന്ന് കരുതുന്നവർക്ക് അസാൻജ് വില്ലനുമായി.

More Stories from this section

family-dental
witywide