ഊഹാപോഹത്തിന്റെ പുകമറയിലോ കാനഡ? മലക്കം മറിഞ്ഞ് ട്രൂഡോ, നിജ്ജാര്‍ കൊലപാതകവുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നതിന് ശക്തമായ തെളിവുകളില്ലെന്ന്!

ഒട്ടാവ: കനേഡിയന്‍ മണ്ണില്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് നിരന്തരം വാദിച്ചുകൊണ്ടിരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ബുധനാഴ്ച നിലപാടുകളില്‍ നിന്നും മലക്കം മറിഞ്ഞു.

നിജ്ജാര്‍ കൊലപാതകവുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നതിന് ശക്തമായ തെളിവുകളൊന്നും ഇന്ത്യക്ക് നല്‍കിയിട്ടില്ലെന്നും ട്രൂഡോ സമ്മതിച്ചു. ഇതു
സംബന്ധിച്ച രഹസ്യാന്വേഷണ വിവരം മാത്രമാണ് ലഭ്യമായിട്ടുള്ളത്. തുടര്‍ന്ന് അന്വേഷണവുമായി സഹകരിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചിരുന്നു. ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിഷയം സംസാരിച്ചിരുന്നതായും ട്രൂഡോ ഇന്നലെ വ്യക്തമാക്കി.

കനേഡിയന്‍ മണ്ണില്‍ നടന്ന നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിനു പങ്കുണ്ടെന്നും ഇതിനു തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നുമുള്ള അവകാശവാദത്തില്‍നിന്നാണ് വളരെ പെട്ടെന്നാണ് ട്രൂഡോ യൂടേണ്‍ എടുത്തത്. ഇതേച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുകയും ചെയ്തിരുന്നു.

കഴിഞ്ഞവര്‍ഷം ജൂണില്‍ കാനഡയിലെ വാന്‍കൂവറിലാണു നിജ്ജാര്‍ കൊല്ലപ്പെട്ടത്.
നിജ്ജാര്‍ വധത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്കു പങ്കുണ്ടെന്നു ട്രൂഡോ ആരോപിച്ചതാണു നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നതടക്കം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം വഷളാക്കിയത്. നിജ്ജാര്‍ വധക്കേസില്‍ കാനഡ നടത്തുന്ന അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്ന ആവശ്യവുമായി അമേരിക്കയും ബ്രിട്ടണും ന്യൂസിലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമ്മര്‍ദതന്ത്രവുമായി എത്തി മണിക്കൂറുകള്‍ക്കകമാണ് ട്രൂഡോയുടെ നാടകീയ പിന്മാറ്റം.

നിജ്ജാര്‍ വധക്കേസ് അന്വേഷണത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സിങ് വെര്‍മയ്ക്കു നിക്ഷിപ്തതാല്‍പ്പര്യമുണ്ടെന്ന കാനഡയുടെ ആരോപണം ഇന്ത്യ രൂക്ഷമായ ഭാഷയില്‍ കഴിഞ്ഞദിവസം നിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാവശ്യപ്പെട്ട് യു.എസും യു.കെയും രംഗത്തെത്തിയത്.

കാനഡയുടെ ആരോപണം ഗൗരവത്തിലെടുക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും യു.എസ്. വിദേശകാര്യവക്താവ് മാത്യു മില്ലര്‍ വാഷിങ്ടണ്‍ ഡി.സിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide