
കോഴിക്കോട്∙ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് തൃശൂർ സീറ്റ് നിലനിർത്തുക, ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുക എന്നതാണ് തന്റെ ദൗത്യമെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ. ബിജെപിയിൽ ചേർന്ന സഹോദരി പദ്മജ വേണുഗോപാലിനെ മുന്നിൽ നിർത്തി പ്രചാരണം നടത്തിയാൽ ബിജെപിക്ക് അവിടെ സുഖമായി മൂന്നാം സ്ഥാനത്തേക്കു പോകാമെന്നും തന്റെ ജോലിഭാരം കുറയുമെന്നും മുരളീധരൻ പരിഹസിച്ചു.
“പാർട്ടി ഏൽപിച്ച ദൗത്യം വിജയകരമായി ഏറ്റെടുക്കുകയെന്നതാണ് എന്റെ ചുമതല. സന്തോഷപൂർവം അതേറ്റെടുക്കുന്നു. വട്ടിയൂർകാവിൽ ഒരു കുടുംബാംഗം പോലെയാണ് ഞാൻ കഴിഞ്ഞത്. അന്ന് ഇതുപോലെ പെട്ടെന്ന് മാറിയാണ് വടകരയിൽ വന്നത്. അതിനനുസരിച്ചുള്ള വിജയം ഉണ്ടാക്കാൻ കഴിഞ്ഞു. അതുകൊണ്ട് തൃശൂരിലെ ദൗത്യവും ഏറ്റെടുക്കുന്നു. ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിടുകയും തൃശൂർ സീറ്റ് നിലനിർത്തുകയുമാണ് ലക്ഷ്യം. എന്റെ അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലമാണ്. അവിടെ ചെന്ന് പ്രാർഥിച്ചശേഷം നാളെ പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കും.”
കെ.കരുണാകരൻ കോൺഗ്രസിന്റെ സ്വത്താണ്. ഒരു കാരണവശാലും അദ്ദേഹത്തിന്റെ ആത്മാവിന്റെ മേൽ പോലും സംഘിപതാക പുതപ്പിക്കാൻ അനുവദിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ കരുണാകരന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും, കരുണാകരന്റെ ചിത്രം സംഘികൾ ഉപയോഗിക്കാൻ ഇടയാക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാമല്ലോയെന്നും മുരളീധരൻ പറഞ്ഞു.











