
തൃശൂര്‍: ഇടതുസ്ഥാനാര്‍ഥി തൃശൂര്‍ കാണുന്നതിന് മുന്‍പ് തൃശൂര്‍ കണ്ട ആളാണ് താനെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. ചില പോസ്റ്ററുകളില്‍ തൃശൂരിന്റെ തനിത്തങ്കം എന്നൊക്കെയാണ് എഴുതിയിട്ടുള്ളതെന്നും ഏതാണ് തങ്കം, ഏതാണ് ചെമ്പ് എന്നത് വഴിയേ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുൽ ഗാന്ധിയെ നിരന്തരം വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റി ഒരക്ഷരം പറയുന്നില്ലെന്നും മുരളീധരൻ വിമർശിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇന്ത്യ സഖ്യത്തിലെ ഘടക കക്ഷി എന്നു പറയാന്‍ പോലും അവകാശമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ആര്‍എസ്എസിന്റെ ആലയില്‍ കൊണ്ട് കെട്ടിയ ആളാണ് പിണറായി. ബിജെപി – സിപിഎം ബാന്ധവത്തിന് എതിരെ ജനം വോട്ട് ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.
തൃശൂരില്‍ യുഡിഎഫ് ജയിക്കണമെന്നും ബിജെപി മൂന്നാം സ്ഥാനത്തു പോകണമെന്നുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ചില സ്ഥാനാര്‍ഥിയെ ചിലര്‍ വീട്ടില്‍ പോലും കയറ്റാത്തത് നമ്മള്‍ സമീപദിവസങ്ങളില്‍ കണ്ടുവെന്നും സുരേഷ് ഗോപിയെ പേരെടുത്ത് പറയാതെ മുരളീധരന്‍ പരിഹസിച്ചു.
ഒറ്റച്ചോദ്യം പോലും മോദിയോടു ചോദിക്കുന്നില്ല. മോദിയോടു ചോദിച്ചാൽ തന്റെ മകൾ അകത്താകും എന്നു കണ്ടിട്ടാണു പിണറായി മിണ്ടാത്തത്. ഇന്നു മോഹൻ ഭാഗവതിനേക്കാൾ ആർ.എസ്.എസിെൻറ ഭാഷയിൽ സംസാരിക്കുന്നത് പിണറായിയാണ്. എത്രയോ പ്രവർത്തകർ ചോര ചീന്തി വളർത്തിയ പ്രസ്ഥാനമാണു കമ്യൂണിസ്റ്റ് പാർട്ടി. ആ പാർട്ടിയെ ആർഎസ്എസിന്റെ ആലയിൽ കൊണ്ടുപോയി കെട്ടിയ കമ്മ്യൂണിസ്റ്റുകാരനെന്ന ദുഷ്പേര് ഭാവിയിൽ പിണറായിക്കുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.














