
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്. നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും കെ പി സി സി പ്രസിഡണ്ട് ആവശ്യപ്പെട്ടു. ആരോപണ വിധേയർ പിണറായി സർക്കാറിന്‍റെ പവർ ഗ്രൂപ്പായി പ്രവർത്തിക്കുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. മന്ത്രിയും എം എൽ എയും ചലച്ചിത്രക്കാദമി ചെയർമാനുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിയതെന്നും റിപ്പോർട്ടിലെ ചില ഭാഗങ്ങൾ വെട്ടി മാറ്റിയതിലുടക്കം ഇവർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സർക്കാറിന്‍റെ ദുരൂഹമായ ഇടപെടലിനു പിന്നിൽ കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണെന്നും കെ പി സി സി പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.
നേരത്തെ ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തുന്നത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും അവര്‍ പറഞ്ഞു. അകലെ എന്ന മലയാള ചിത്രത്തിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്യത്തിലേക്ക് വിളിച്ചതെന്നും ഓഡിഷൻ എല്ലാം കഴിഞ്ഞതിന് ശേഷമായിരുന്നു രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടന്നത്.
വൈകിട്ട് അണിയറപ്രവർത്തകരുമായി ഒരു പാർട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്‍റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് കരുതിയത്. റൂമിലെത്തിയതും രഞ്ജിത്ത് കൈയിൽ തൊട്ട് വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ വെളിപ്പെടുത്തി.















