തിരുവനന്തപുരം: മുന്‍ ഡി ജി പി ശ്രീലേഖ ആർ ബിജെപിയിൽ ചേരുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഇന്ന് ഉച്ചക്ക് ശേഷമാണ്. പറഞ്ഞു തീരും മുന്നേ തന്നെ ശ്രീലേഖ ബിജെപി അംഗത്വം എടുത്തു എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്.
കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. ഏറെക്കാലമായി ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ പാര്‍ട്ടിയില്‍ അംഗത്വം എടുക്കാന്‍ ആവശ്യപ്പെടുന്നതായി ശ്രീലേഖ പറഞ്ഞു. ബിജെപിയെ ഇഷ്ടമായതിനാലാണ് അംഗത്വം എടുക്കാന്‍ തീരുമാനിച്ചതെന്നും ശ്രീലേഖ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പാണ് ശ്രീലേഖ സര്‍വീസില്‍ നിന്ന് വിരമിച്ചത്. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ്. ചേര്‍ത്തല എഎസ്പിയായാണ് ശ്രീലേഖ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച് ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഫയര്‍ഫോഴ്സ് മേധാവി ആയിരിക്കുമ്പോഴാണ് സര്‍വീസില്‍ നിന്നു വിരമിച്ചത്. നേരത്തെ ഡിജിപി ആയിരുന്ന ടിപി സെന്‍കുമാറും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.













