
കൊച്ചി: കോണ്‍ഗ്രസിന് വരേണ്യ മനസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നില്ല. പിന്നാക്കക്കാരന്‍ വടക്കുംനാഥന്റെ മണ്ണില്‍ എത്തിയതാണ് പ്രശ്‌നം. വടക്കുംനാഥന്റെ മണ്ണില്‍ എങ്ങനെയാണ് ഒരു പിന്നാക്കകാരന്‍ പ്രസംഗിക്കുക എന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്. അതുകൊണ്ടാണ് ചാണക വെള്ളം തളിച്ച് അവര്‍ പ്രതിഷേധിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
രാഷ്ട്രപതിയോടും ഉപരാഷ്ട്രപതിയോടും കോണ്‍ഗ്രസിന് ഇതേ സമീപനമാണെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഉപരാഷ്ട്രപതിക്കെതിരെ നേരത്തെ ജാതീയമായ ആക്ഷേപം ഉന്നയിച്ചവരാണ് കോണ്‍ഗ്രസുകാര്‍. രാഷ്ട്രപതിയേയും കോണ്‍ഗ്രസ് ഇങ്ങനെ അവഹേളിച്ചിരുന്നു. കോണ്‍ഗ്രസിന് അസഹിഷ്ണുതയാണ്. രാഹുല്‍ ഗാന്ധിക്കും നേതാക്കള്‍ക്കും വരേണ്യ മനോഭാവമാണ്. തൃശൂരില്‍ കണ്ടത് അതേ മനോഭാവമാണ്.
മോദിയുടെ ഗ്യാരന്റി വികസനത്തിനാണ്, അല്ലാതെ വോട്ട് ബാങ്ക് രാഷ്ട്രീയമല്ലെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. മോദിയുടെ ഗ്യാരണ്ടിയില്‍ സാധാരണക്കാര്‍ക്ക് വിശ്വാസമാണെന്നുള്ളതിന്റെ തെളിവാണ് തൃശ്ശൂരില്‍ നടന്ന സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന മഹിളാസംഗമത്തിന്റെ വന്‍വിജയമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഇടത് വലത് മുന്നണികളെ അങ്കലാപ്പിലാക്കിയെന്നും അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.











