
തൃശൂർ: കോൺഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ. മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ. മുരളീധരനെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. സ്വന്തം അമ്മയെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ല. എൽഡിഎഫിനെ തോൽപ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മുരളീധരന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞദിവസം കെ. സുരേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വീണ്ടും മുരളീധരനെതിരെ സുരേന്ദ്രൻ രംഗത്തെത്തിയത്.
“തൃശൂരിൽ സിറ്റിങ് എം.പിമാറാൻ കാരണം ബിജെപി സ്ഥാനാർഥിയാണ്. ഇപ്പോൾ, വടകര വിട്ട് കെ. മുരളീധരൻ വന്നിരിക്കുകയാണ്. ബിജെപിയെ മൂന്നാം സ്ഥാനത്താക്കാനാണ് രംഗത്തുവന്നതെന്നാണ് മുരളീധരൻ പറയുന്നു. എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ. മുരളീധരൻ.” ഇനി ജയിക്കണമെങ്കിൽ പാർട്ടി മാറേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. മുരളീധരന്റെ സ്ഥാനാർഥി പ്രഖ്യാപനം വന്നയുടനെ പറഞ്ഞത് ബി.ജെ.പിയെ മൂന്നാം സ്ഥാനത്താക്കുമെന്നാണ്. എല്ലാവരും ജയിക്കാനാണ് മത്സരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.









